ഒന്നാം റാങ്കുകാരനും നിയമനമില്ല, റാങ്ക് പട്ടികയില്‍ 999 പേര്‍;അധ്യാപക നിയമനത്തിന് ‘തലയെണ്ണല്‍’തടസ്സമാകുന്നു

കാസര്‍കോട്: മുറതെറ്റാതെ പി.എസ്.സി. പരീക്ഷകള്‍ നടത്തും. എന്നാല്‍ റാങ്ക് പട്ടിക നിലവില്‍വന്നാലും നിയമനകാര്യത്തില്‍ മെല്ലെപ്പോക്കെന്ന ആക്ഷേപം ശക്തമാകുന്നു. പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ഭരണപരിഷ്‌കാരവകുപ്പിന്റെ സര്‍ക്കുലര്‍ നിലനില്‍ക്കുമ്പോഴും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളും നിരാശയിലാണ്. കാസര്‍കോട് ജില്ലയിലെ എല്‍.പി.എസ്.എ. മലയാളം റാങ്ക് പട്ടിക നിലവില്‍വന്ന് ഒന്‍പത് മാസമാകുമ്പോഴും ഒരാള്‍ക്കും ശുപാര്‍ശ അയച്ചിട്ടില്ല. ഒന്നാം റാങ്കുകാരനുള്‍പ്പെടെ കാത്തിരിപ്പിലാണ്.

മുഖ്യപട്ടികയില്‍ മാത്രം 504 പേരുള്‍പ്പെടെ 999 പേരാണ് 2025 മേയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലുള്ളത്. നിലവില്‍ ഭിന്നശേഷി വിഭാഗത്തിലെ ബാക്ക് ലോഗ് ഒഴിവുകളില്‍ മാത്രമാണ് നാമമാത്രമായ നിയമന ശുപാര്‍ശ നടന്നത്. ഇതില്‍പ്പോലും നിയമന ഉത്തരവ് നല്‍കാന്‍ വിദ്യാഭ്യാസവകുപ്പ് തയ്യാറായിട്ടില്ല. 2025 മേയ് 30-ന് കാലാവധി കഴിഞ്ഞ മുന്‍ റാങ്ക് പട്ടികയിലെ 10 പേര്‍ക്കും 13 എന്‍.സി.എ.ക്കാര്‍ക്കും 12 ഭിന്നശേഷിക്കാര്‍ക്കും കൊടുക്കാന്‍വേണ്ടി ഒഴിവുകള്‍ മാറ്റിവെച്ചത് നിയമനങ്ങളെ ബാധിച്ചിരിക്കുകയാണെന്ന് റാങ്ക് ഹോള്‍ഡര്‍മാര്‍ പറയുന്നു.

വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും, സര്‍ക്കുലര്‍ പ്രകാരമുള്ള ഒഴിവുകള്‍ ഉടന്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ ആവശ്യം. തൊട്ടുമുന്‍പത്തെ റാങ്ക് പട്ടികയില്‍ ആദ്യ വര്‍ഷത്തില്‍ 249 പേര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. കാലാവധിക്കുള്ളില്‍ 420-ലേറെ നിയമനങ്ങളും നടന്നിരുന്നു. വിരമിക്കലും സ്ഥലംമാറ്റവുമായി ഒഴിവുകള്‍ ഉണ്ടായെങ്കിലും, ആധാര്‍അധിഷ്ഠിത തലയെണ്ണല്‍ കാരണം കുട്ടികള്‍ ഉണ്ടായിട്ടും ഡിവിഷനുകള്‍ ഇല്ലാതായതാണ് നിയമനങ്ങള്‍ നടക്കാത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. തസ്തിക നിര്‍ണയത്തിന് അധ്യാപക നിയമന അനുപാതം 1:25 ആക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Scroll to Top