കാസര്‍കോട് : റെയില്‍വേ സ്റ്റേഷനില്‍ യാത്രയ്ക്കാര്‍ക്കായി സുരക്ഷാ
ബോധവത്കരണ ക്ലാസ് നടത്തി. കേരള പോലീസിന്റെ പോള്‍ആപ്പില്‍ തീവണ്ടി യാത്രക്കാരുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങള്‍ വിശദീകരിക്കുന്നതിനാണ് ക്ലാസ് നടത്തിയത്. ആപ്പില്‍ റെയില്‍മൈത്രി സര്‍വീസസ് എന്ന പേരില്‍ അഞ്ച് പുതിയ ക്രമീകരണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒറ്റയ്ക്ക് തീവണ്ടിയില്‍ യാത്രചെയ്യുന്ന സമയം ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍, യാത്രയ്ക്കിടയില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ ആയത് തിരിച്ചുകിട്ടാനുള്ള സൗകര്യം, എന്തെങ്കിലും അപകടങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായാല്‍ അത് അധികാരികളെ അറിയിക്കാനും സഹായം തേടാന്‍ തുടങ്ങിയ സൗകര്യങ്ങളാണ് റെയില്‍മൈത്രി സേവനങ്ങളിലൂടെ ലഭ്യമാകുന്നത്.
കാസര്‍കോട് റെയില്‍വേ പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ. സി.കെ. മഹേഷ് നേതൃത്വം നല്‍കി. എസ്.ഐ. സി.എസ്. സനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എം. ഷംസീര്‍, ടി.എം. ഹയറുന്നിസ എന്നിവര്‍ പങ്കെടുത്തു.




