Home Kasaragod കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന് എന്‍.ക്യു.എ.എസ് അംഗീകാരം

കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന് എന്‍.ക്യു.എ.എസ് അംഗീകാരം

by KCN CHANNEL
0 comment

കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം. 94.35% സ് കോറോടുകൂടിയാണ് 2024-25 വര്‍ഷത്തിലെ എന്‍.ക്യു.എ.എസ് സര്‍ട്ടിഫിക്കേഷന്‍ ഈ ആരോഗ്യ സ്ഥാപനം നേടിയെടുത്തത്.

എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഈ ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തിയത്. സേവന മികവ്, രോഗികളുടെ അവകാശ സംരക്ഷണത്തിന് നല്‍കുന്ന പ്രാധാന്യം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാലിന്യനിര്‍മാര്‍ജ്ജനം, ജീവനക്കാരുടെ പ്രവര്‍ത്തന മികവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം.എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.

എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചതോടുകൂടി ഈ ആശുപത്രിക്ക് രണ്ട് ലക്ഷം രൂപ വീതം മൂന്ന് വര്‍ഷം വരെ ലഭിക്കും. മൂന്ന് വര്‍ഷത്തിന് ശേഷം പുന പരിശോധനക്ക് ശേഷമാകും ഇത് ലഭിക്കുക. ആരോഗ്യ സ്ഥാപനങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം, ശുചിത്വം എന്നിവ അടിസ്ഥാന മാക്കി നല്‍കുന്ന കായകല്‍പ്പ അവാര്‍ഡ് 2022-23 ലും 2023-24 ലും ഈ സ്ഥാപനത്തിന് ലഭിച്ചു. കൂടാതെ 2021 ല്‍ ഗ്രീന്‍ പ്രോട്ടോകോള്‍ അവാര്‍ഡ്, ഹരിത ഓഫീസ് അവാര്‍ഡ്, 2020 ല്‍ അക്ഷയ കേരള പുരസ്‌കാരം ഉള്‍പ്പെടെ വിവിധ തരത്തിലുള്ള അംഗീകാരങ്ങള്‍ ഈ സ്ഥാപനത്തെ തേടിയെത്തി.

കാസര്‍കോട് ജില്ലയില്‍ ഇതുവരെ 10 സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണ നിലവാര അംഗീകാരം ലഭിച്ചിട്ടുണ്ട്. 2025 ഡിസംബറിനകം ജനകീയ ആരോഗ്യ കേന്ദ്രങ്ങളുള്‍പ്പെടെ 100 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഈ അംഗീകാരം ലഭിക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു. ഇതിനായുള്ള ഗ്യാപ് അനലൈസിസ് ആരോഗ്യ സ്ഥാപനങ്ങളില്‍ നടത്തി വരുന്നു.

You may also like

Leave a Comment