കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിക്ക് പിന്തുണ
പ്രഖ്യാപിച്ചിട്ടില്ലെന്നും നിഷ്പക്ഷ നിലപാട് തുടരുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കൗണ്‍സില്‍ യോഗം അറിയിച്ചു. സംഘടനയുടെ പ്രഖ്യാപിത നിലപാടുകളില്‍ ഒരു മാറ്റവും വരുത്തേണ്ട സാഹചര്യം നിലവിലില്ല. എല്ലാ മതങ്ങളിലും ജാതിയിലും രാഷ്ട്രീയത്തിലും ഉള്‍പ്പെട്ടവര്‍ സംഘടനയില്‍ അംഗങ്ങളായിട്ടുണ്ട്. സംഘടന രൂപവത്കരണ കാലംതൊട്ട് ഇതുവരെ സ്വതന്ത്രമായ രാഷ്ട്രീയ നിലപാടുകളാണ് സ്വീകരിച്ചുവന്നത്.
Appcues
തിരഞ്ഞെടുപ്പുകളില്‍ അംഗങ്ങള്‍ക്ക് അവരവരുടെ രാഷ്ട്രീയനിലപാടുകള്‍ ഉയര്‍ത്തിപിടിക്കാമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് അധ്യക്ഷനായി. 2019 ഫെബ്രുവരി ഒന്നിന് തുടങ്ങിയ സംഘടനയുടെ ട്രേഡേഴ്സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീം മരണാനന്തര ധനസഹായം അഞ്ചുലക്ഷം രൂപയായി വര്‍ധിപ്പിച്ചു. വിതരണോദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുള്‍ഹമീദ് നിര്‍വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.എ. അസീസ്, പി.പി. മുസ്തഫ, ഹംസ പാലക്കി, ശിഹാബ് ഉസ്മാന്‍, തോമസ് കാനാട്ട്, ബഷീര്‍ കനില, സി.എച്ച്. അബ്ദുള്‍റഹിം, ജില്ലാ സെക്രട്ടറിമാരായ കുഞ്ഞിരാമന്‍ ആകാശ്, ബി.എം. ഷെരീഫ്, യു.എ. സലീം, സി.കെ. ആസിഫ്, കെ.വി. ദാമോദരന്‍, മുഹമ്മദ്കുഞ്ഞി കുഞ്ചാര്‍, വി.കെ. ഉണ്ണികൃഷ്ണന്‍, കെ.വി. ബാലകൃഷ്ണന്‍, ജില്ലാ ഖജാന്‍ജി മാഹിന്‍ കോളിക്കര എന്നിവര്‍ സംസാരിച്ചു.




