ശബരിമല യുവതീപ്രവേശം കേസ് വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ ഇടയാക്കിയ ശബരിമല യുവതീപ്രവേശന കേസ് വീണ്ടും തുറക്കുന്നു. ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശന അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. 2019-ലാണ് യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീംകോടതിയുടെ പരിഗണിച്ചത്. കോവിഡിനെ തുടര്‍ന്നുള്ള സാഹചര്യങ്ങളില്‍ ഒമ്പതംഗ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത് അന്ന് മാറ്റിവെക്കുകയായിരുന്നു.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണിപ്പോള്‍ കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും കേസ് തിങ്കളാഴ്ച പരിഗണിക്കുക. ഒമ്പതംഗ ബെഞ്ച് കേസില്‍ എന്ന് മുതല്‍ വാദം തുടങ്ങുമെന്ന കാര്യം തിങ്കളാഴ്ച സുപ്രീംകോടതിയില്‍ നിന്നുണ്ടായേക്കും. 2019-ല്‍ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഹര്‍ജികളില്‍ വാദം നടക്കുമോ എന്നത് ശ്രദ്ധേയമാണ്. ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് തങ്ങളുടെ നിലപാട് അറിയിക്കേണ്ടി വരും. നേരത്തെ യുവതീപ്രവേശനത്തിന് അനുകൂലമായിരുന്നു സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിലപാടില്‍ മാറ്റമുണ്ടാകുമോ എന്നത് ശ്രദ്ധയാകര്‍ഷിക്കും.
ഭരണഘടനാ ബെഞ്ചിന്റെ വിധി
ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ2018-ലെ വിധി. ആര്‍ത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്നും അഞ്ചംഗ ബെഞ്ചിലെ നാലു പേര്‍ വ്യക്തമാക്കി. വ്യക്തികളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ (251) ‘എല്ലാ വ്യക്തികളും’ എന്ന പ്രയോഗത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുവെന്നും ജീവശാസ്ത്രപരമായ കാരണങ്ങളാലുള്ള വേര്‍തിരിവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണു പ്രായഭേദമന്യേ സ്ത്രീപ്രവേശനമാകാമെന്നു വിധിച്ചത്. ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ
നിലപാടുകള്‍ കൂടി ഉള്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും, അവരോടു യോജിച്ചും തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ ഉള്‍പ്പെടുത്തിയും ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവരും വിധിന്യായങ്ങളെഴുതുകയായിരുന്നു. എന്നാല്‍, മതവിശ്വാസത്തില്‍ കോടതി ഇടപെട്ടു തീര്‍പ്പ് കല്‍പിക്കരുതെന്നും വിശ്വാസത്തെ ഭരണഘടനാപരമായ യുക്തി കൊണ്ട് അളക്കരുതെന്നും ഭൂരിപക്ഷവിധിയോടു വിയോജിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കി. അയ്യപ്പ ഭക്തരല്ലാത്തവരാണ് ഹര്‍ജിക്കാര്‍ എന്നതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും വിധിച്ചു.




