തിരുവനന്തപുരം: സിപിഎമ്മുമായി അകന്നതിന് പിന്നാലെ കെടിഡിസി
ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പി.കെ.ശശി രാജിവെച്ചു. ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയില്‍നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.
മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളടക്കം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നടപടി. കഴിഞ്ഞ കുറച്ചുനാളുകളായി പാര്‍ട്ടി നേതൃത്വവുമായി അകന്ന് നിന്ന ശശി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ജാഥയിലും പങ്കെടുത്തിരുന്നില്ല. യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.
ആരോഗ്യപ്രശ്നങ്ങളാലാണ് എല്‍ഡിഎഫ് ജാഥയില്‍നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് ശശി പറഞ്ഞിരുന്നത്. എന്നാല്‍ നേതൃത്വത്തോടുള്ള അതൃപ്തിയാണ് കാരണമെന്നാണ് വിലയിരുത്തല്‍. യാത്രയില്‍ പങ്കെടുക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ശശി മറുപടി നല്‍കിയിരുന്നില്ല. ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ശശി എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നവയുഗ യാത്ര പാലക്കാട് എത്തുമ്പോള്‍ ശശി ‘വിസ്മയം’ തീര്‍ക്കുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിട്ടില്ല. ഇതിനിടെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശിയെ പുറത്താക്കാന്‍ സിപിഎമ്മും നീക്കം തുടങ്ങിയിരുന്നു. ഇതിനിടെയാണ് രാജി.




