ലേലത്തിനെത്തിയാല്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രക്കും വിരാട് കോലിക്കും രോഹിത് ശര്‍മക്കുമെല്ലാം 30-40 കോടി മുടക്കാനും ടീമുകള്‍ തയാറാവുമെന്ന ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്തുണ്ടായിരുന്നു.
മുംബൈ: കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമിന്‍സിനുമായി നടന്ന വാശിയേറിയ ലേലം ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. ഒടുവില്‍ 20.50 കോടിക്ക് പാറ്റ് കമിന്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും 24.75 കോടിയെന്ന റെക്കോര്‍ഡ് തുകക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്തയും സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ പോലും കണ്ണു തള്ളി.
ലേലത്തിനെത്തിയാല്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രക്കും വിരാട് കോലിക്കും രോഹിത് ശര്‍മക്കുമെല്ലാം 30-40 കോടി മുടക്കാനും ടീമുകള്‍ തയാറാവുമെന്ന ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്തുണ്ടായിരുന്നു. അതെന്തായാലും വിദേശ താരങ്ങളുടെ വില റോക്കറ്റ് പോലെ കുതിക്കാതിരിക്കാന്‍ പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുകയാണ് ബിസിസിഐ. ഇന്നലെ പുറത്തുവിട്ട മാര്‍ഗനിര്‍ദേശം അനുസരിച്ച് അടുത്ത മെഗാ താരലേലത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന തുകയോ ഒരു ഇന്ത്യന്‍ താരത്തെ നിലനിര്‍ത്താന്‍ മുടക്കുന്ന തുകയോ ഏതാണ് കുറവ് ആ തുകയ്ക്ക് മുകളില്‍ ഒരു വിദേശ താരത്തെ ടീമുകള്‍ക്ക് വിളിക്കാനാകില്ല.