ഇസ്ലാമിക ചരിത്രശേഷിപ്പുകളുടെ സൂക്ഷിപ്പുകാരന്‍…

കാസര്‍കോട്: വിവിധ കാലത്തുള്ളതും വിവിധ വലിപ്പത്തിലുമുള്ള
ഖുര്‍ആനുകള്‍, മരത്തിലും മൃഗകൊമ്പിലുമായി നിര്‍മിച്ച കൗതുകമുണര്‍ത്തുന്ന തസ്ബീഹ് മാലകളുടെ വലിയ ശേഖരം. ബൈത്തുല്‍ മുഖദ്ദിസ്, മക്ക-മദീന തുടങ്ങി ഇസ്ലാമിക പുണ്യസ്ഥലങ്ങളുടെ വിവിധ കാലത്തെ ഫോട്ടോകള്‍. കൈകൊണ്ട് കസവുനൂലിനാല്‍ കാലിഗ്രഫി തുന്നിയ മുസല്ലകള്‍, പഴയകാലത്തെ ഉസ്താദുമാരുടെ വഅളുകളുടെ ഓഡിയോ-സി.ഡി. കാസറ്റുകളും ഉത്തരമലബാറിലെ മാപ്പിളജീവിതത്തിന്റെ ചരിത്രമോര്‍മ്മിപ്പിക്കുന്ന കാച്ചിത്തുണിയും പച്ച അരപ്പട്ടയുമടങ്ങുന്ന വസ്ത്രങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കുമായി ഒരു മുറി. കാസര്‍കോട് പൈക്ക കുഞ്ഞിപ്പാറ സ്വദേശി ഹമീദാണ് ഈ ചരിത്രശേഷിപ്പുകളുടെ കാവല്‍ക്കാരന്‍.

1.8 സെന്റീമീറ്റര്‍ നീളവും 1.5 സെന്റീമീറ്റര്‍ വീതിയുമുള്ള കുഞ്ഞുവിരലോളം മാത്രം വലിപ്പമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ഖുര്‍ആന്‍ മുതല്‍ വിശ്വാസികള്‍ പല കാലത്തായി പരായണംചെയ്തിരുന്ന വിവിധ ഖുര്‍ആനുകള്‍, ഖുര്‍ആന്റെ മുഴുവന്‍ പാരായണം റെക്കോര്‍ഡ് ചെയ്തിരിക്കുന്ന ഓഡിയോ കാസറ്റ് ആല്‍ബം. വിവിധ ശൈലികളിലുള്ള ഖുര്‍ആന്‍ പാരായണമടങ്ങുന്ന ഓഡിയോ സി.ഡി.കള്‍ എന്നിവ ഹമീദിന്റെ അമൂല്യ ശേഖരത്തിലുണ്ട്.
പള്ളി ദര്‍സുകളില്‍ ഉപയോഗിച്ചിരുന്ന ചോറ്റുപാത്രം, വൈദ്യുതി വ്യാപകമല്ലാതിരുന്ന കാലത്ത് ആര്‍ഭാടമായിരുന്ന ടോര്‍ച്ചുകള്‍, അളവുപാത്രങ്ങള്‍, വല്യുമ്മയുടെയും വല്യുപ്പാപ്പമാരുടെയും വസ്ത്രങ്ങളും ബെല്‍റ്റും വെള്ളിമാലകള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളും വീടിന്റെ ഒന്നാം നിലയിലെ ഒരു മുറി നിറയെയുണ്ട്. പത്താംക്ലാസില്‍ സ്റ്റാമ്പ് ശേഖരിച്ച് തുടങ്ങിയ വിനോദം പതിനെട്ടാം വയസ്സോടെയാണ് കാര്യമായിത്തുടങ്ങിയത്. 18 വര്‍ഷത്തോളം പ്രവാസിയായിരുന്നതിനാല്‍ അതുവഴി ലഭിച്ച ബന്ധങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി.

കാല്‍നൂറ്റാണ്ടായി ഈയൊരു വിനോദം തനിക്ക് ഇഷ്ടമാണെന്നും 45-കാരനായ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കേരള പ്രവാസി ഫിലാറ്റലിക് ആന്‍ഡ് നൂമിസ്മാറ്റിക് അസോസിയേഷനിന്റെയും കാനന്നൂര്‍ ഫിലാറ്റലിക് ക്ലബിന്റെയും ആജീവനാന്ത അംഗമായ ഹമീദിന്റെ പുരാവസ്തുശേഖരം ഇസ്ലാമിക ചരിത്രത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഹൈദരാബാദ് രാജാക്കന്മാര്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇറക്കിയ കല്ലുനാണയം മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും അവസാനം പിന്‍വലിച്ച നാണയംവരെ ശേഖരത്തിലുണ്ട്. ആദ്യ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാര്‍ ഒപ്പിട്ട നോട്ടുകള്‍, ടിപ്പുവിന്റെ കാലത്തെ നാണയങ്ങള്‍, ടിപ്പുവിന്റെ മുദ്രപതിച്ച കോപ്പര്‍ ടോക്കണുകള്‍ ഉള്‍പ്പെടെ വിവിധ രാജഭരണകാലത്തെ മുദ്രപതിച്ച വെള്ളിനാണയങ്ങള്‍, 1943-ലെ ഓട്ടമുക്കാല്‍, 1950-ലെ ഒരുപൈസ, 49-ലെ നൂറിന്റെ വലിയ നോട്ട്, പഴയ അണ പൈസകള്‍, വിവിധ കാലത്തെ മുദ്രപത്രങ്ങള്‍, മണ്‍പാത്രങ്ങള്‍, വിവിധ കാലത്തെ ക്യാമറകള്‍, ടി.വി., റേഡിയോസെറ്റ്, റേഡിയോകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ നീണ്ടനിര, ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കറന്‍സികള്‍, ഏറ്റവും വലിയ കറന്‍സി, ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ട പത്രങ്ങള്‍, ബ്രിട്ടീഷ് ഇന്ത്യാ ഭരണകാലത്തെയും അതിനുശേഷം അഞ്ചലോട്ടക്കാര്‍ ഉപയോഗിച്ചിരുന്നതുമായ കൗതുകമുണര്‍ത്തുന്ന പോസ്റ്റ്കാര്‍ഡുകള്‍ എന്നിവയും ഹമീദിന്റെ ശേഖരത്തിലുണ്ട്.

ഈയൊരു അപൂര്‍വശേഖരമറിഞ്ഞ് മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ അയച്ച കത്തും ഇദ്ദേഹം നിധിപോലെ സൂക്ഷിക്കുന്നുണ്ട്. നല്ലൊരു സ്‌പോണ്‍സറെ ലഭിക്കുകയാണെങ്കില്‍ ഒരു എക്‌സിബിഷനെക്കുറിച്ചും ഹമീദ് ചിന്തിക്കുന്നുണ്ട്. പരേതനായ ഹംസ ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഫാത്തിമയാണ് ഭാര്യ. ഖദീജത്ത് ഫമീദ, മുഹമ്മദ് ഫൈസാന്‍, ആദില്‍ ഫഹിം, ആയിഷ ഫസറിന്‍, ഫറ ഫാത്തിമ എന്നിവര്‍ മക്കളാണ്.

Scroll to Top