കാസര്‍കോട് കോടതിക്ക് 25 കോടിയുടെ ബഹുനില കെട്ടിടം

വിദ്യാനഗര്‍: സ്ഥലപരിമിതിയും അടിസ്ഥാനസൗകര്യങ്ങളുടെ കുറവും മൂലം ഏറെക്കാലമായി ബുദ്ധിമുട്ട് നേരിടുന്ന കാസര്‍കോട് കോടതിക്ക് ആശ്വാസമായി പുതിയ ബഹുനില കോടതിസമുച്ചയം ഒരുങ്ങുന്നു.
25 കോടി രൂപ ചെലവില്‍ 57, 167 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആറ് നിലകളിലായി പണിയുന്ന ആധുനിക സൗകര്യത്തോടെയുള്ള കെട്ടിടത്തിന്റെ നിര്‍മാണം 18 മാസത്തിനകം പൂര്‍ത്തിയാക്കും.
പുതിയ കെട്ടിടം പണിയുടെ മുന്നോടിയായി 110 കെ.വി.വൈദ്യുതലൈന്‍ 14 ലക്ഷം രൂപയോളം ചെലവില്‍ നാലുമാസം മുമ്പുതന്നെ മാറ്റിയിരുന്നു. കേസുകളുടെ വര്‍ധനയും ആളുകളുടെ തിരക്കും മൂലം വിവിധ കോടതികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ജീവനക്കാരും ജനങ്ങളും അഭിഭാഷകരും പോലീസുകാരും ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുകയായിരുന്നു. ഓഫീസുകളുടെ ഉള്‍വശം ഏറെയും വിവിധ ഫയലുകള്‍ സൂക്ഷിക്കുന്ന അലമാരകളായതിനാല്‍ ജീവനക്കാര്‍ക്ക് നിന്നുതിരിയാനിടമില്ലാത്ത അവസ്ഥയാണ്.

നിലവിലുള്ള കെട്ടിടത്തില്‍ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയും മൂന്ന് അഡീഷണല്‍ സെഷന്‍ കോടതിയും മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലും പോക്‌സോ സ്‌പെഷ്യല്‍ കോടതിയും അസി. സെഷന്‍ കോടതിയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും രണ്ട് മജിസ്‌ട്രേറ്റ് കോടതിയും മുന്‍സിഫ് കോടതിയുമാണ് പ്രവര്‍ത്തിക്കുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും മാത്രമാണ് അഭിഭാഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇരിക്കാന്‍ അല്പമെങ്കിലും മെച്ചപ്പെട്ട സൗകര്യമുള്ളത്. ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നതും ചെറിയൊരു മുറിയിലാണ്. പൊതുജനങ്ങള്‍ക്ക് ആവശ്യമായ ശൗചാലയങ്ങളും പരിമിതമാണ്.
ബഹുനില കെട്ടിടം വരുന്നതോടെ വിശാലമായ കോടതി മുറികള്‍, ആധുനിക ഓഫീസ് സംവിധാനങ്ങള്‍, അഭിഭാഷകര്‍ക്കും പൊതു ജനങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ഒരുക്കാനാകും.

കോടതിപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും നീതിന്യായ സംവിധാനത്തിന് കൂടുതല്‍ ഉണര്‍വ് നല്‍കാനുമാകും. ചെങ്കള മാസ്തിക്കുണ്ടിലെ എം.എ.മുഹമ്മദ് ഷാഫിയാണ് കെട്ടിടത്തിന്റെ കരാറുകാരന്‍. 18 മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്ന് മുഹമ്മദ് ഷാഫി പറഞ്ഞു. നിലവില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബകോടതിക്കായുള്ള കെട്ടിടത്തിന്റെ നിര്‍മാണവും വിദ്യാനഗറില്‍ പൂര്‍ത്തിയായിവരുന്നുണ്ട്.
21-ന് രാവിലെ 10.30-ന് ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് തറക്കല്ലിടും.
പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജി സാനു എസ്.പണിക്കര്‍ അധ്യക്ഷനാകും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എ.സിയാദ് റഹ്‌മാന്‍ മുഖ്യാതിഥിയാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി., എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. തുടങ്ങിയവരും പങ്കെടുക്കും.

Scroll to Top