ശബരിമല കൊടിമരക്കൊള്ള: അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ദേവസ്വം ഓഫീസിലെ രേഖകള്‍ പിടിച്ചെടുത്തു


കൊടിമരം നിര്‍മിച്ച അനന്തന്‍ ആചാരിയില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തു
ശബരിമല കൊടിമരക്കൊള്ള: അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ദേവസ്വം ഓഫീസിലെ രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി വിജിലന്‍സ്. കൂടുതല്‍ പേരില്‍ നിന്നും മൊഴിയെടുപ്പ് നടത്തിയ വിജിലന്‍സ് തെളിവുകളും ശേഖരിച്ചു. കൊടിമരം നിര്‍മിച്ച അനന്തന്‍ ആചാരിയില്‍ നിന്നാണ് വിജിലന്‍സ് പ്രധാനമായും മൊഴിയെടുത്തത്. ചെമ്പുപയോഗിച്ചുള്ള നിര്‍മാണ പ്രവൃത്തികള്‍ ചെയ്‌തെന്ന് അനന്തന്‍ ആചാരി മൊഴി നല്‍കിയിട്ടുണ്ട്.

തിരുവാഭരണം കമ്മീഷണര്‍ ഓഫീസിലെ സൂപ്രണ്ടിന്റെ മൊഴിയും വിജിലന്‍സ് എടുത്തിട്ടുണ്ട്. വിജിലന്‍സ് സംഘം പരിശോധനയ്ക്കായി സന്നിധാനത്തെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ദേവസ്വം ഓഫീസിലെ രേഖകളാണ് പിടിച്ചെടുത്തത്. കൊടിമര നിര്‍മാണ ചിത്രങ്ങളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്.

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയില്‍ വന്‍ കൊള്ള നടന്നതായാണ് വിജിലന്‍സിന്റെ അനുമാനം. കൊടിമര നിര്‍മാണത്തിന് ശേഷം 30 പവന്‍ സ്വര്‍ണം ബാക്കി വന്നിരുന്നതായി ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു. കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി 9 കിലോ 570 ഗ്രാം സ്വര്‍ണമാണ് ദേവസ്വം ബോര്‍ഡിന്റെ കയ്യിലുണ്ടായിരുന്നത്. ഇതില്‍ 9 കിലോ 340 ഗ്രാം സ്വര്‍ണമാണ് കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്. ബാക്കി വന്ന 30 പവന്‍ സ്വര്‍ണത്തിന്റെ കണക്കുകള്‍ ദേവസ്വം ബോര്‍ഡിന്റെ പക്കല്‍ ഇല്ല.

കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഭക്തര്‍ സംഭാവന ചെയ്ത 412 ഗ്രാം സ്വര്‍ണം ഉള്‍പ്പെടെയുള്ള സ്വര്‍ണത്തിന്റെ കണക്കുകളാണ് ഇല്ലാത്തത്. 27 ഭക്തരില്‍ നിന്ന് സംഭാവനയായി ലഭിച്ച 412 ഗ്രാം സ്വര്‍ണമാണ് കാണാതായിരിക്കുന്നത്. എന്നാല്‍ ഇതില്‍ ചില ഭക്തര്‍ നല്‍കിയ സ്വര്‍ണത്തിന് രേഖകളില്ല. 27ല്‍ 12 പേര്‍ക്കും രസീത് നല്‍കാതെയാണ് സംഭാവന സ്വീകരിച്ചിരിക്കുന്നത്. സംഭാവന നല്‍കിയവരില്‍ സിനിമ നടന്മാരും നിര്‍മാതാക്കളുമുള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചിലരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭാവന നല്‍കിയ മറ്റുള്ളവരുടെ മൊഴി ഈ ആഴ്ച തന്നെ രേഖപ്പെടുത്തുമെന്ന് വിജിലന്‍സ് അറിയിച്ചു.

ശബരിമല ദ്വാരകശില്‍പത്തിലെയും കട്ടിളപ്പാളിയിലെയും സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് കൊടിമര പുനഃപ്രതിഷ്ഠയിലേക്കും അന്വേഷണം നീണ്ടത്. സ്വര്‍ണം പൊതിഞ്ഞ പഴയ കൊടിമരത്തിന്റെ അടിഭാഗം ദ്രവിച്ചെന്ന് പറഞ്ഞായിരുന്നു 2017ല്‍ വന്‍ തുക ചെലവഴിച്ച് പുതിയത് നിര്‍മിച്ചത്. എന്നാല്‍ കൊടിമരത്തിന്റെ അടിഭാഗത്തിന് ഒരു കുഴപ്പവുമില്ലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ദേവസ്വം വിജിലന്‍സ് വിഷയത്തില്‍ അന്വേഷണം നടത്തുകയും 2017 ല്‍ കൊടിമരം മാറ്റി സ്ഥാപിച്ചതില്‍ സ്വര്‍ണവും പണവും ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇത് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടായിരുന്നു എസ്‌ഐടിയും സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന വിജിലന്‍സിലേക്ക് കൊടിമരക്കൊള്ളയുടെ അന്വേഷണം എത്തുന്നത്.

Scroll to Top