വനിതാ ലോകകപ്പ് ചാമ്പ്യന്മാര്‍ക്ക് ടാറ്റയുടെ സമ്മാനം; ഓരോ അംഗങ്ങള്‍ക്കും ഓരോ സിയറ വീതം

ലോകകപ്പ് നേടിയ വനിതാ ടീമിന് വമ്പന്‍ സമ്മാനവുമായി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ടാറ്റ സിയറയുടെ മോഡല്‍ കാര്‍ ടീമിലെ ഓരോ അംഗത്തിനും കമ്പനി സമ്മാനിക്കും.

‘അസാധാരണമായ പ്രകടനങ്ങളിലൂടെയും വിജയങ്ങളിലൂടെയും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുഴുവന്‍ രാജ്യത്തെയും അഭിമാനത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. അവരുടെ ഓരോരുത്തരുടേയും യാത്ര ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്ന നിശ്ചയദാര്‍ഢ്യത്തിന്റെ കഥകളാണ് സമ്മാനിച്ചത്. ഈ ഇതിഹാസങ്ങള്‍ക്ക് മറ്റൊരു ഇതിഹാസത്തെ അതായത് ടാറ്റ സിയറയെ സമ്മാനിക്കുന്നത് ടാറ്റ മോട്ടോഴ്‌സിന് അഭിമാനകരമാണ്’, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ചരിത്രത്തിലെ ഒരു ഐക്കണിക് മോഡലാണ് സിയറ. 1991 ല്‍ ഇന്ത്യയുടെ മുന്‍നിര ലൈഫ്‌സ്റ്റൈല്‍ എസ്യുവിയായാണ് ഇത് ആദ്യമായി അവതരിപ്പിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം വീണ്ടും അത് പുതിയ രൂപത്തിലും ഭാവത്തിലുമെത്തുമ്പോള്‍ വാഹനപ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

നവി മുംബൈ സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍പ്പിച്ചത്. ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റണ്‍സില്‍ അവസാനിച്ചു.

ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. 98 പന്തില്‍ 11 ഫോറുകളും ഒരു സിക്‌സറും അടക്കമായിരുന്നു ലോറയുടെ 101 റണ്‍സിന്റെ ഇന്നിങ്‌സ്.ഇന്ത്യക്ക് വേണ്ടി ദീപ്തി ശര്‍മ അഞ്ചു വിക്കറ്റും ഷെഫാലി വര്‍മ രണ്ട് വിക്കറ്റും നേടി.

Scroll to Top