കാസര്‍കോട്: ജില്ലയിലെ കായിക മേഖലയ്ക്ക് ശക്തി പകരാന്‍ തൃക്കരിപ്പൂര്‍ നടക്കാവില്‍ ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മിച്ചു. കിഫ്ബിയില്‍ നിന്നും 29.32 കോടി രൂപയാണ് വിവിധ കളിസ്ഥലങ്ങള്‍ക്കായി അനുവദിച്ചത്. ഒരേ സമയം വിവിധ അന്താരാഷ്ട്ര മല്‍സരങ്ങള്‍ നടത്താനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പത്തേക്കര്‍ ഭൂമിയില്‍ ഒരുക്കിയിട്ടുള്ള ഈ സ്‌പോര്‍ട്സ് കോംപ്ലക്സില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, വോളി ബോള്‍, ടേബിള്‍ ടെന്നീസ് തുടങ്ങിയ കായിക ഇനങ്ങളുടെ പരിശീലനവും ഈ ഇനങ്ങളുടെ ചാമ്പ്യന്‍ഷിപ്പുകളും നടത്താന്‍ സാധിക്കുന്ന മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം കോംപ്ലക്സിലുണ്ട്. ജില്ലയിലെ ആദ്യത്തെ സെമി ഒളിംപിക്‌സ് നീന്തല്‍ക്കുളമാണ് ഇവിടുത്തേത്. ഒളിംപിക്സ് മല്‍സരങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന വിധത്തില്‍ ആധുനിക രീതിയിലാണ് നീന്തല്‍ക്കുളം സജ്ജീകരിച്ചിട്ടുള്ളത്. നീന്തല്‍ പരിശീലനത്തിനു പുറമേ വാട്ടര്‍ പോളോ, കനായ് പോളോ, അണ്ടര്‍ വാട്ടര്‍ ഹോക്കി, അണ്ടര്‍ വാട്ടര്‍ റഗ്ബി തുടങ്ങിയ മല്‍സരങ്ങള്‍ക്കും നീന്തല്‍ക്കുളം ഉപയോഗിക്കാം. ഇതിനു പുറമേ ഫുട്ബോള്‍ കോര്‍ട്ട്, കബഡി കോര്‍ട്ട്, 400 മീറ്റര്‍ ഫ്‌ളഡ് ലൈറ്റ് ട്രാക്ക്, ആയിരക്കണക്കിന് ആളുകള്‍ക്കുള്ള പവലിയന്‍, കായികതാരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും വിഐപികള്‍ക്കുമുള്ള മുറികള്‍, മീഡിയ റൂം, ഫെഡറേഷന്‍ ലോഞ്ച്, ഷോപ്പിങ് മാള്‍, പാര്‍ക്കിങ്, സമാന്തര റോഡ് തുടങ്ങിയ വിവിധ സൗകര്യങ്ങള്‍ ഇതിലുണ്ട്.
കിഫ്ബി ഫണ്ടിലൂടെ കാസര്‍ഗോഡ് ജില്ലയിലെ നിരവധി സ്‌കൂള്‍ കെട്ടിടങ്ങള്‍ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയര്‍ന്നു. ചേര്‍ക്കള സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് മൂന്ന് കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. അടയ്ക്കത്തുവയല്‍ ഗവണ്‍മെന്റ് യുപിഎസ്, ചന്ദ്രഗിരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇവ കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വീതം ചെലവിട്ട് നവീകരിച്ചു. മുളിയാര്‍ മാപ്പിള ഗവണ്‍മെന്റ് യുപിഎസിന്റെ നിര്‍മാണത്തിന് ഒരു കോടി രൂപ കിഫ്ബി ഫണ്ട് ലഭിച്ചു. ഇതുപോല ഒട്ടേറ സ്‌കൂളുകളില്‍ കിഫ്ബി ഫണ്ടിലൂടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. 30 കോടിയിലേറെ രൂപ ചെലവിട്ട് കാസര്‍കോട് മണ്ഡലത്തിലെ നിരവധി റോഡുകളുടെ വികസനം സാധ്യമാക്കി. ഇത്തരത്തില്‍ കാസര്‍കോഡ് ജില്ലയിലെ എല്ലാ മേഖലകളിലും കിഫ്ബി പദ്ധതികളിലൂടെ വലിയ തോതിലുള്ള വികസനം സാധ്യമാക്കിയിട്ടുണ്ട്.




