തൃപ്പൂണിത്തുറയില്‍ സ്വരാജ് വേണമെന്ന് ആവശ്യം; ജയസാധ്യതയുണ്ടെന്ന് വിലയിരുത്തല്‍

തൃപ്പൂണിത്തുറയില്‍ സ്വരാജ് വേണമെന്ന് ആവശ്യം; ജയസാധ്യതയുണ്ടെന്ന് വിലയിരുത്തല്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം സ്വരാജ് വേണമെന്ന് ആവശ്യം. ഇന്ന് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് സ്വരാജിനായി ആവശ്യം ഉയര്‍ന്നത്. മണ്ഡലത്തില്‍ സ്വരാജ് മത്സരിച്ചാല്‍ ജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

സ്വരാജിനൊപ്പം മുന്‍ മേയറും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എം അനില്‍ കുമാറിന്റെ പേരും മണ്ഡലത്തില്‍ പരിഗണനയിലുണ്ട്. അതേസമയം എറണാകുളം ജില്ലയിലെ അഞ്ച് സിറ്റിങ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. പറവൂര്‍ സീറ്റ് വെച്ചുമാറാനും ആലോചനയുള്ളതായാണ് വിവരം.

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറയില്‍ കെ ബാബുവാണ് നിലവില്‍ എംഎല്‍എ. 1991 മുതല്‍ 2016വരെ കെ ബാബുവായിരുന്നു തുടര്‍ച്ചയായി എംഎല്‍എ. എന്നാല്‍ 2016ലെ തെരഞ്ഞെടുപ്പില്‍ എം സ്വരാജിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചു പിടിച്ചിരുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ കെ ബാബുവും സ്വരാജും ഏറ്റുമുട്ടിയെങ്കിലും വിജയം യുഡിഎഫിനായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ ബാബു വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് ജനകീയനായ മറ്റൊരാളെയായിരിക്കും മണ്ഡലത്തില്‍ പരിഗണിക്കുക. കോണ്‍ഗ്രസ് വക്താവ് രാജു പി നായര്‍, രമേഷ് പിഷാരടി, കെപിസിസിവൈസ് പ്രസിഡന്റ് എം ലിജു എന്നിവര്‍ കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Scroll to Top