അടിമാലി: ”ഓരോ ജില്ലയ്ക്കും ഒരു ആംബുലന്‍സ്” എന്ന ലക്ഷ്യവുമായി കേരള വിഷനും എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റും സംയുക്തമായി നടത്തുന്ന സാമൂഹ്യസേവന പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ അടിമാലി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് 24 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക ആംബുലന്‍സ് കൈമാറി. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ദേവികുളം എം.എല്‍.എ അഡ്വ. എ. രാജ ഉദ്ഘാടനം നിര്‍വഹിച്ചു. ആംബുലന്‍സിന്റെ താക്കോല്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഹരിപ്രസാദ് ഏറ്റുവാങ്ങി.
സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദിഖ് സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ. വിജയകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെസിസിഎല്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍, ഇടുക്കി കേബിള്‍ വിഷന്‍ എം.ഡി പി.എസ്. സിബി, സി.ഒ.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.എസ്. രജനീഷ്, വിവിധ തദ്ദേശസ്വയംഭരണ പ്രതിനിധികള്‍ എന്നിവരും സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മോഹനന്‍ നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാക്‌സിന്‍ ആന്റണി, ഗ്രാമപഞ്ചായത്ത് അംഗം ജോസ്‌നാ ജോസ്, സി.ഒ.എ ഇടുക്കി ജില്ലാ ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, കെ. ഗോവിന്ദന്‍, പി.എസ്. സിബി എന്നിവരെ എം.എല്‍.എ പൊന്നാട അണിയിച്ച് ആദരിച്ചു.
മുമ്പ് തൃശൂര്‍ ജില്ലയിലെ പുതുക്കാട് താലൂക്ക് ആശുപത്രിക്ക് കേരള വിഷന്‍, എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റ് ആംബുലന്‍സ് നല്‍കിയിരുന്നു. വയനാട് ജില്ലയിലെ കല്പറ്റ ജനറല്‍ ആശുപത്രിക്ക് മാര്‍ച്ച് 3 ന് ആംബുലന്‍സ് കൈമാറുമെന്ന് സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.
കേബിള്‍ ടിവി രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുന്ന കേരളവിഷനും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ജനകീയ ഇടപെടലുകളുടെ മാതൃകയായി മാറുകയാണ്.




