കേരളം തീവ്രവാദികളുടെ നാടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത്, വിവേകബുദ്ധിയോടെ സത്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥനാണെന്ന് മുഖ്യമന്ത്രി
കേരള സ്റ്റോറി2 റിലീസ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹം,ഹര്‍ജിക്കാരുടെ സമയോചിത ഇടപെടലിന് അഭിനന്ദനം;മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദ ചിത്രം ‘കേരള സ്റ്റോറി 2′ വിന്റെ’ റിലീസ് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമപോരാട്ടം നടത്തിയ ഹര്‍ജിക്കാരെ, അവരുടെ സമയോചിതമായ ഇടപെടലിന് പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരു സംസ്ഥാനത്തെയാകെ അവഹേളിക്കാനും ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. കേരളം തീവ്രവാദികളുടെ നാടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത്, വിവേകബുദ്ധിയോടെ സത്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. വിദ്വേഷം പടര്‍ത്തുന്ന ഇത്തരം വ്യാജ നിര്‍മ്മിതികളെ പ്രതിരോധിക്കാന്‍ നിയമവഴികള്‍ തേടിയത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരള മാതൃകയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ നമുക്ക് ഒറ്റക്കെട്ടായി ചെറുക്കാമെന്നും കുറിപ്പില്‍ പറയുന്നു.
സിനിമക്കെതിരെ നേരത്തെയും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഗൗരവത്തോടെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സാഹോദര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടര്‍ച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാരെന്നും നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കള്‍. ബീഫ് എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദര്‍ശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തില്‍ ഭിന്നതയും വിദ്വേഷവും പടര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷസൃഷ്ടികള്‍ക്ക് പ്രദര്‍ശനാനുമതി ലഭിക്കുന്നത് ആശ്ചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സിനിമയുടെ റിലീസ് തടഞ്ഞ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തവിറക്കിയത്. കേരള സ്റ്റോറി 2വിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി. 15 ദിവസത്തേക്കാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് ബെച്ചു കുര്യനാണ് ഇടക്കാല ഉത്തരവിട്ടത്. കണ്ണൂര്‍ സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയും എറണാകുളം സ്വദേശിയായ ഫ്രെഡി ഫ്രാന്‍സിസുമാണ് സിനിമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം സിനിമ സ്റ്റേ ചെയ്തതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ ഇന്നലെ രാത്രിയില്‍ പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. വാദം പൂര്‍ത്തിയാക്കിയ ഡിവിഷന്‍ ബെഞ്ച് വിധിപറയാന്‍ മാറ്റിയിരിക്കയാണ്. സിനിമയുടെ റിലീസ് സ്റ്റേ ചെയ്തതിനെതിരെ നിര്‍മാതാവ് വിപുല്‍ ഷാ നല്‍കിയ അപ്പിലാണ് രാത്രിതന്നെ പ്രത്യേക സിറ്റിങ്ങില്‍ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. രാത്രി 7.30ന് ആരംഭിച്ച പ്രത്യേക സിറ്റിങ് 9.45നാണ് അവസാനിച്ചത്




