കാസര്‍ഗോഡ്. കത്തുന്ന വെയിലും, പൊള്ളുന്ന ചൂടും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രശ്‌നമേയല്ല. അവര്‍ക്കുള്ള പി ടി ക്ലാസില്‍ കത്തുന്ന വെയിലാണെങ്കിലും മൈതാനത്തിറങ്ങി കളിക്കും.പൊള്ളുന്ന ചൂടിലും,ആരോഗ്യ പ്രശ്‌നങ്ങളിലും അവര്‍ ബോധവാന്മാരല്ല.ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അധികൃതര്‍ക്ക് ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടുമില്ല. അതുകൊണ്ടുതന്നെ കുട്ടികളെ കളിക്കുന്നതില്‍ നിന്ന് അധ്യാപകര്‍ തടയുന്നുമില്ല.
ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ചതോടെ പുറത്ത് ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ജോലി സമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3:00 മണി വരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.സൂര്യാഘാതം ഏല്‍ക്കാതിരിക്കാനും,മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിക്കാതിരിക്കാനുമാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. വീടിന് പുറത്തിറങ്ങുന്നവര്‍ കുട പിടിക്കണമെന്ന് വരെ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേപോലെ മൃഗങ്ങള്‍ക്ക് വരെ സുരക്ഷ ഒരുക്കാന്‍ ജില്ലാ വെറ്ററിനറി കേന്ദ്രവും ക്ഷീരകര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉഷ്ണ തരംഗത്തിന്റെ ഫലമായി സൂര്യാഘാതം ഏറ്റു മരണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അംഗന്‍വാടികള്‍ക്ക് പോലും വനിതാ ശിശുക്ഷേമ വകുപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ച് സര്‍ക്കാര്‍ അവധി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തിന് സമാനമായാണ് ഇപ്പോള്‍ ചൂട് കൂടുന്നതും,നാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നതും. ഇതിനിടയില്‍ സ്‌കൂള്‍ കുട്ടികള്‍ മൈതാനത്ത് കളിക്കുന്നതിന് നിയന്ത്രണമില്ലാത്തത് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വെയിലും ചൂടുമാ ണുള്ളത്.ഈ മാസം ചൂട് വളരെ കൂടുതലാണെന്ന് കാലാവസ്ഥ വിദഗ്ധര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. സ്‌കൂള്‍ കുട്ടികളുടെ പിടി ക്ലാസുകള്‍ ഒരു കാരണവശാലും ഈ സമയങ്ങളില്‍ അനുവദിക്കരുതെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
ഫോട്ടോ:കത്തുന്ന വെയിലില്‍ ഫുട്ബാള്‍ കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍.




