വയനാടന്‍ മണ്ണില്‍ കന്നിക്കിരീടം ചൂടി ‘സപ്തവര്‍ണപ്പട’
കല്പറ്റ: വയനാടന്‍ കുന്നുകളെ സാക്ഷിയാക്കി നടന്ന പ്രഥമ കുടുംബശ്രീ ട്രൈബല്‍ സോക്കര്‍ ലീഗില്‍ വടക്കന്‍ കരുത്തുമായി കാസര്‍കോട്. മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ പോരാട്ടങ്ങളില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ കിരീടം ചൂടിയാണ് കാസര്‍കോട് ചരിത്രം കുറിച്ചത്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ നീണ്ടുനിന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള ഗോത്ര ടീമുകളാണ് മാറ്റുരച്ചത്.
വനിതാ വിഭാഗം ഫൈനലില്‍ മലപ്പുറത്തിന്റെ പോരാട്ടവീര്യത്തെ മറികടന്നാണ് കാസര്‍കോട് പെണ്‍പട കിരീടം ഉയര്‍ത്തിയത്. പുരുഷന്മാരുടെ ഫൈനലില്‍ ഗാലറിയുടെ പിന്തുണയുമായെത്തിയ വയനാടിനെ കാസര്‍കോട് നിഷ്പ്രഭമാക്കി. ഗോത്രമേഖലയിലെ കായിക പ്രതിഭകളെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംസ്ഥാന മിഷന്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റ് മികച്ച സംഘാടനം കൊണ്ട് ശ്രദ്ധേയമായി.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിച്ചു. കായിക നേട്ടങ്ങള്‍ക്കൊപ്പം കുടുംബശ്രീയുടെ പുത്തന്‍ കാല്‍വെപ്പുകള്‍ക്കും വേദി സാക്ഷിയായി.ഗോത്രമേഖലയിലെ തനത് കലാരൂപങ്ങളെ കോര്‍ത്തിണക്കി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.
കുടുംബശ്രീയുടെ മൃഗസംരക്ഷണ സംരംഭകര്‍ ഉല്പാദിപ്പിക്കുന്ന ബ്രാന്‍ഡഡ് കോഴിമുട്ടകളുടെ ലോഞ്ചിംഗും ഇതോടൊപ്പം നടന്നു.
ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീത് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍ പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ആര്‍.ഒ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, മുന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി ശ്രീജിത്ത്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ രതീഷ് കുമാര്‍ (കാസര്‍കോട്), സുരേഷ് കുമാര്‍ (മലപ്പുറം) എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. റഫീക്ക്, വയനാട് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ സലീന കെ.എം, അമീന്‍ കെ.കെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ എം, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ഡാനിയേല്‍ എം. ലിബിനി, പ്രീത ജി. നായര്‍ എന്നിവരും സന്നിഹിതരായിരുന്നു. വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍ കെ.പി സ്വാഗതം ആശംസിച്ചു.
ജന്മനാടിന്റെ ആദരം
ഇരട്ടക്കിരീടവുമായി തിരിച്ചെത്തിയ കാസര്‍കോട് ടീമിന് ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. മനു എന്നിവര്‍ ചേര്‍ന്ന് താരങ്ങളെ പൊന്നാടയണിയിച്ചു.
ചടങ്ങില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം.കെ. ഹരിദാസ്, വാര്‍ഡ് മെമ്പര്‍ സി.എച്ച് സന്തോഷ്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ടി.ടി. ഗീത തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ മിഷന്‍ പ്രതിനിധികളായ യദു രാജ്, പി. രത്‌നേഷ്, മനു എസ്, സഫ, മുരളി, ജ്യോതിഷ് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി




