കാസര്‍കോട്: സിപിഎമ്മിനേയും മന്ത്രി സഭയേയും സ്വന്തം വരുതിയിലാക്കിയപോലെ അയ്യപ്പനെ മുഴുവനായി വിഴുങ്ങാന്‍ പിണറായി വിജയന്‍ വീണ്ടും വോട്ട് ചോദിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍. നവീകരിച്ച കാസര്‍കോട് ബിജെപി ജില്ലാ കമ്മറ്റി ഓഫീസിന്റെയും എന്‍ഡിഎ കാസര്‍കോട് ജില്ലാ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസിന്റെയും ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടേയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരെഞ്ഞെടുപ്പുകളില്‍ ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടപ്പെട്ട സീറ്റുകളില്‍ വിജയത്തിന്റെ പ്രഭാവം ഉണ്ടാകും. വര്‍ഗീയ ശക്തികള്‍ക്കും പ്രീണന രാഷ്ട്രീയത്തിനും അധികാരം എറിഞ്ഞ് കൊടുത്ത ജനസമൂഹം ഇത്തവണ യുഡിഎഫിനേയും എല്‍ഡിഎഫിനേയും തിരസ്‌കരിക്കുമെന്നത് ഉറപ്പാണ്. സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം ജനങ്ങള്‍ ബിജെപിക്ക് നല്‍കിയത് കേരളത്തില്‍ ബിജെപി ഭരണം വരണമെന്ന അഭിലാഷം കൊണ്ടാണ്.തലസ്ഥാന നഗരിയിലെ ജനങ്ങളുടെ ആഗ്രഹം സഫലമാക്കാന്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്കും കേരളമാകെയുള്ളവര്‍ക്കും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സംശുദ്ധമായ ഭരണം സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ കപട നാടകം ജനങ്ങള്‍ കണ്ടതാണ്. കേരളത്തിലെ ആരോഗ്യമേഖ ഐസിയുവിലാണ്. ശരീരത്തിനകത്ത് കത്രിയകുമായി ജീവിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ഇതിനെല്ലാം വരുന്ന തെരെഞ്ഞെടുപ്പില്‍ ജനങ്ങള വിധിയെഴുതും. നാടിന്റെ പുരോഗതിക്കും സുതാര്യവും വികസനോന്മുഖവുമായ വളര്‍ച്ചക്കും വ്യാവസായിക കാര്‍ഷിക മുന്നേറ്റത്തിനും സംസ്ഥാനത്ത് ബിജെപി ഭരണം അനിവാര്യമാണെന്നും അതിന് ജനങ്ങളെ ഉദ്ദീപിപ്പിക്കാന്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കാവുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി അധ്യക്ഷയായി. കെ.ജി.മാരാരുടെ ശില്‍പത്തില്‍ ദേശീയ സമിതി അംഗം എം.സഞ്ചീവ ഷെട്ടി ഹാരാര്‍പ്പണം നടത്തി. ദീന്‍ദയാല്‍ ഉപാധ്യയുടേയും ശ്യാമപ്രസാദ് മുഖര്‍ജിയുടേയും ശില്‍പ്പത്തില്‍ സി.കെ.പത്മനാഭനും സംസ്ഥാന സമിതി അംഗം വി.രവീന്ദ്രനും അനാച്ഛാദനം ചെയ്തു. സംസ്ഥാന സെല്‍കോഡിനേറ്റര്‍ അഡ്വ.വി.കെ.സജീവന്‍, കോഴിക്കോട് മേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ജന. സെക്രട്ടറി സുധാമ ഗോസാഡ, വൈസ് പ്രസിഡന്റ് വിജയ്കുമാര്‍ റൈ, ജില്ല ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍.സുനില്‍, മനുലാല്‍ മേലത്ത്, എന്‍.ബാബുരാജ്, സംസ്ഥാന സമിതി അംഗങ്ങളായ എ.വേലായുധന്‍, രാമപ്പ മഞ്ചേശ്വരം, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട, മുന്‍ ജില്ലാ പ്രസിഡന്റ് എ. കരുണാകരന്‍ മാസ്റ്റര്‍, രാമകൃഷ്ണന്‍ വാഴുന്നോറടി, രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അയ്യപ്പനെ വിഴുങ്ങാന്‍ ശ്രമിക്കുന്ന പിണറായിക്കെതിരായി ജനങ്ങള്‍ വിധിയെഴുതും: സി.കെ.പത്മനാഭന്‍




