കാസര്‍കോട് നഗരസഭ ബജറ്റ് സ്വാഗതം ചെയ്യുന്നു: വികസന ദിശയില്‍ മുന്നേറ്റം – ജില്ലാ ജനകീയ വികസന സമിതി
കാസര്‍കോട് നഗരസഭയുടെ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നഗരത്തിന്റെ ദീര്‍ഘകാല സമഗ്ര വികസന ദിശയെ വ്യക്തമായി രേഖപ്പെടുത്തുന്നതാണെന്ന് ജില്ലാ ജനകീയ വികസന സമിതി സെക്രട്ടറി അബ്ദുറഹിമാന്‍ തെരുവത്ത് പ്രസ്താവിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കി 16.36 കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭയുടെ സാമ്പത്തിക ശാസ്ത്രീയതയും ദൂരദര്‍ശിത്വവും തെളിയിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഫ്‌ലൈഓവര്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍, പ്രധാന റോഡുകളുടെ വീതികൂട്ടല്‍, മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണം, പുതിയ ബസ് സ്റ്റാന്‍ഡ്‌ഷോപ്പിംഗ് കോംപ്ലക്‌സ് വികസനം, മത്സ്യ മാര്‍ക്കറ്റ് പുനര്‍നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ നഗരത്തിന്റെ അടിസ്ഥാന ഘടകങ്ങളെ ശക്തിപ്പെടുത്തുന്നവയാണെന്ന് വിലയിരുത്തി.
അതോടൊപ്പം വനിതാ സംരംഭകര്‍ക്കുള്ള പ്രോത്സാഹന പദ്ധതികള്‍, ഭവനരഹിതര്‍ക്കുള്ള ഭവന പദ്ധതി, സമ്പൂര്‍ണ്ണ ശുചിത്വ ലക്ഷ്യം, സ്മാര്‍ട്ട് അംഗനവാടികള്‍, വിനോദസഞ്ചാര വികസന പദ്ധതികള്‍ തുടങ്ങിയവ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സമഗ്ര വികസന കാഴ്ചപ്പാടിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
”കാസര്‍കോട് നഗരത്തിന്റെ ഭാവിയെ മുന്‍നിര്‍ത്തിയുള്ള വികസന ചിന്താഗതികളാണ് ഈ ബജറ്റില്‍ പ്രതിഫലിക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുകയാണെങ്കില്‍ കാസര്‍കോട് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും,” എന്നും അബ്ദുറഹിമാന്‍ തെരുവത്ത് കൂട്ടിച്ചേര്‍ത്തു.
ജില്ലാ ജനകീയ വികസന സമിതി നഗരസഭ ഭരണസമിതിയെ അഭിനന്ദിക്കുകയും, ജനക്ഷേമവും വികസനവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിച്ചു.




