കാറുകള്‍ കൂട്ടിയിടിച്ചു ; പാലക്കാട് സ്വദേശിനിയായ നിയമ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

നഗരത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നിയമവിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ, 21 വയസുള്ള ജിനുവാണ് മരിച്ചത്. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍ വിജയകുമാറിന്റെയും വിജയകുമാരിയുടേയും മകളാണ് ജിനു. 21 വയസായിരുന്നു. ജിനു സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അണ്ണാ സര്‍വകലാശാലയുടെ ഔട്ടര്‍ ഗേറ്റിന് സമീപം ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചെന്നൈ അംബേദ്കര്‍ ലോ കോളേജിലെ നാലാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയാണ് ജിനു. കോളേജിലെ പരിപാടിയില്‍ പങ്കെടുത്ത അതിഥിയെ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം തിരിച്ചുവരികയായിരുന്നു ജിനു. മൂന്ന് സഹപാഠികളും ജിനുവിനൊപ്പം കാറിലുണ്ടായയിരുന്നു.

അണ്ണാ സര്‍വകലാശാലക്ക് സമീപമെത്തിയപ്പോള്‍ മുന്‍പില്‍ സഞ്ചരിച്ചിരുന്ന കാര്‍ യു ടേണ്‍ എടുക്കുകയും, പിന്നാലെ വന്നിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജിനു തെറിച്ചുവീണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഇടിച്ച കാറിന്റെ ഡ്രൈവര്‍ക്കും ജിനുവിന്റെ സഹപാഠികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ജിനുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

Scroll to Top