ഇ ശ്രീധരന് തിരിച്ചടി; അതിവേഗ റെയില്‍ നടപ്പിലാക്കാനുള്ള ചുമതല നല്‍കിയിട്ടില്ലെന്ന് അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍


വിവരാവകാശ അപേക്ഷയിലാണ് അതിവേഗ റെയില്‍ മന്ത്രാലയം ഇത്തരത്തില്‍ മറുപടി നല്‍കിയത്

കൊച്ചി: കേരളത്തില്‍ അതിവേഗ റെയില്‍പാത പണിയുമെന്ന വാഗ്ദാനവുമായി മുന്നോട്ടുപോകുന്ന ഇ ശ്രീധരന് തിരിച്ചടി. അതിവേഗ റെയില്‍ പാത പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് ഒരു ചുമതലയും നല്‍കിയിട്ടില്ലെന്ന് നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. റെയില്‍വേ മന്ത്രാലയത്തിന് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് അതിവേഗ റെയില്‍ മന്ത്രാലയം ഇത്തരത്തില്‍ മറുപടി നല്‍കിയത്.

2023 ജൂണ്‍ മുതല്‍ 2026 ഫെബ്രുവരി ആറ് വരെയുള്ള കാലയളവില്‍ ശ്രീധരനെ കേരളത്തിലെ ഒരു പദ്ധതിയിലും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് വിവരാവകാശ മറുപടിയില്‍ പറയുന്നത്. പദ്ധതികള്‍ വിലയിരുത്തുന്നതിനോ ഉപദേശം നല്‍കുന്നതിനോ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ല എന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.

ഇതോടെ കേന്ദ്ര അനുമതിയും, ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്റെയും അനുമതിയില്ലാതെ ശ്രീധരന്‍ ഓഫീസ് തുറന്നത് എന്തിനാണ് എന്ന ചോദ്യമാണ് ഉയരുന്നത്. നേരത്തെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ശ്രീധരന്റെ ചുമതലയെക്കുറിച്ച് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയിരുന്നു. രാജ്യസഭയില്‍ എംപിമാരായ ഹാരിസ് ബീരാനും ജോണ്‍ ബ്രിട്ടാസും ഉന്നയിച്ച ചോദ്യത്തിനായിരുന്നു അശ്വിനി വൈഷ്ണവ് വ്യക്തതയില്ലാത്ത മറുപടി നല്‍കി ഒഴിഞ്ഞുമാറിയത്.

അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഡിപിആര്‍ തയ്യാറാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സി അത് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം മലപ്പുറം പൊന്നാനിയില്‍ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആര്‍ആര്‍ടിഎസ് പദ്ധതിക്കെതിരെ ശ്രീധരന്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ആര്‍ആര്‍ടിഎസ് പദ്ധതി സാങ്കേതികമായി പ്രായോഗികമല്ലെന്നും നടപ്പാക്കാന്‍ കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം, ഇതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് കുറ്റപ്പെടുത്തിയിരുന്നു. അതിവേഗ റെയില്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ആര്‍ടിഎസ് ഒരു സിമ്പിള്‍ വേസ്റ്റ് ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Scroll to Top