ഗള്‍ഫ് യുദ്ധഭീതി: നോമ്പ് പകുതിയായിട്ടും വ്യാപാര മേഖലക്ക് മാന്ദ്യം

കാസര്‍കോട്: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുദ്ധ സാഹചര്യം ജില്ലയില്‍ വ്യാവസായിക – വാണിജ്യ മേഖലകളെ ബാധിച്ചു.
നോമ്പു പകുതിയായിട്ടും ജില്ലയിലെ വ്യാപാര മേഖല മന്ദീഭവിച്ചു നില്‍ക്കുന്നു. സ്വര്‍ണ്ണവില വര്‍ധന, എണ്ണ വില വര്‍ധന ഭീഷണി, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ഭീഷണി എന്നിവയുടെ ആശങ്കയിലാണ് ജനങ്ങള്‍. നോമ്പു പകുതിയായിട്ടും വസ്ത്ര വ്യാപാര മേഖല സജീവമായിട്ടില്ല. ജി സി സി രാജ്യങ്ങളെ യുദ്ധഭീതി ബാധിച്ചതു മലയാളികളടക്കമുള്ള ഇന്ത്യക്കാരെ പ്രതികൂലാവസ്ഥയിലാക്കിയിട്ടുണ്ട്. ഇതു നാട്ടിലെ സകല ഇടപാടുകളെയും പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നു. നിര്‍മ്മാണ മേഖലയിലും ഇതിന്റെ ആഘാതം ഉടലെടുത്തിട്ടുണ്ട്. കാസര്‍കോട്ടു വന്‍കിട വ്യാപാര സമുച്ചയങ്ങള്‍ കൂടി വരുന്നതു ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കു ഭീഷണിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുദ്ധ ഭീഷണി കുടി സംജാതമായത് ചെറുകിട വ്യാപാര മേഖലയെ തളര്‍ത്തുന്നു. പെരുന്നാള്‍ ആഘോഷത്തിനു നാട്ടിലേക്കു വരാന്‍ കാത്തിരുന്ന പ്രവാസികള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നു. ജി സി സി മേഖലയില്‍ ഇറാന്‍ ഇപ്പോഴും ആക്രമണം തുടരുന്നുണ്ട്. തലക്കു മുകളിലൂടെ മിസൈലുകള്‍ പായുമ്പോള്‍ സമാധാനത്തോടെ ഉറങ്ങാന്‍ പോലും കഴിയാതെ പ്രവാസികള്‍ ഭയന്നു വിറക്കുന്നു. അനാവശ്യമായി ആരും
പുറത്തിറങ്ങരുതെന്നു എല്ലാ ജി സി സി രാജ്യങ്ങളും പ്രവാസികള്‍ക്കു ഫോണ്‍ സന്ദേശവും നല്‍കുന്നു.

Scroll to Top