മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച കേസ്; KSU പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റ സംഭവത്തില്‍ കെഎസ്യു പ്രവര്‍ത്തകരെ രണ്ട് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 4 മണി വരെയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്. കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് റെയില്‍വേ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

പ്രതികളുമായി ഇന്ന് തന്നെ റെയില്‍വേ സ്റ്റേഷനിലടക്കം തെളിവെടുപ്പ് നടത്തും. വധശ്രമം ഉള്‍പ്പടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയതിനാലാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കാതിരുന്നത്.കേസില്‍ ആരോഗ്യമന്ത്രിയുടെ മൊഴിയടക്കം രേഖപ്പെടുത്താനുണ്ട്. മന്ത്രിയുടെ ഗണ്‍മാന്‍ അഭിലാഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നത്.

അതേസമയം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ മന്ത്രിയ്ക്ക് പരുക്കേറ്റതായുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരുക്കേറ്റിരുന്നു.

Scroll to Top