കോഴിക്കോട്: ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വര്‍ഷങ്ങള്‍ക്കു മുന്‍പ് അപകടത്തില്‍ പരുക്കേറ്റിരുന്ന വാസന്തി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 13-ാം വയസില്‍ പാടിയ ‘പച്ചപ്പനംതത്തേ…’ എന്ന ഗാനത്തിലൂടെയാണ് മച്ചാട്ട് വാസന്തി ശ്രദ്ധേയയായത്.സംഗീതസംവിധായകന്‍ ബാബുരാജാണ് വാസന്തിയെ സിനിമയിലെത്തിച്ചത്. വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട് കൃഷ്ണന്റെ മകളാണ് മച്ചാട്ട് വാസന്തി. ആദ്യകാലത്ത് നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആകാശ വാണിയിലും നിരവധി പാട്ടുകള്‍ പാടി.ഓളവും തീരവും സിനിമയില്‍ ബാബുരാജിന്റെ സംഗീതത്തില്‍ കെ.ജെ.യേശുദാസിനൊപ്പം പാടിയ ‘മണിമാരന്‍ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിന്റെ കരിമ്പുതോട്ടം..’ എന്ന പാട്ടിലൂടെയാണ് മച്ചാട്ട് വാസന്തിയെ ജനപ്രിയയാക്കിയത്. രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തില്‍, ബാബുരാജ് ഈണം പകര്‍ന്ന ‘തത്തമ്മേ തത്തമ്മേ നീ പാടിയാല്‍ അത്തിപ്പഴം തന്നിടും…’, ‘ആരു ചൊല്ലിടും ആരു ചൊല്ലിടും…’ എന്നീ പാട്ടുകള്‍ ഏറെ ഹിറ്റായിരുന്നു. കണ്ണൂരില്‍ നടന്ന കിസാന്‍ സഭാ സമ്മേളന വേദിയിലാണ് ആദ്യമായി വാസന്തി പാടുന്നത്. അന്ന് ഇ കെ നായനാര്‍ പാടാന്‍ അറിയാമെന്ന് അറിഞ്ഞപ്പോള്‍ ഒന്‍പത് വയസുള്ള വാസന്തിയെ വേദിയിലേക്ക് സദസില്‍ നിന്ന് എടുത്ത് കയറ്റുകയായിരുന്നു. അരങ്ങിന്റെ ലോകത്ത് വാസന്തി എത്തിയത് മലയാള നാടകത്തിന്റെ സുവര്‍ണകാലത്ത്. പി ഭാസ്‌കരന്‍, വയലാര്‍, ഒ എന്‍ വി എന്നിവരുടെ പാട്ടുകള്‍. ഈണമിടുന്നത് എം എസ്ബാബുരാജും കെ രാഘവനും. പാര്‍ടി സമ്മേളനങ്ങളിലും സംഗീത പരിപാടികളിലും സാന്നിധ്യമായി. തുടര്‍ന്ന് പ്രഗത്ഭര്‍ക്കൊപ്പം അരങ്ങില്‍. കെപിഎസിയുടെ ”നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യില്‍ അഭിനേത്രിയായത് യാദൃച്ഛികം. ബാലതാരം വിജയകുമാരിക്ക് അസുഖമായപ്പോള്‍ പകരക്കാരിയാക്കിയത് തോപ്പില്‍ ഭാസി. പി ജെ ആന്റണിയുടെ ”ഉഴവുചാല്‍’ നാടകത്തില്‍ മൂന്ന് വര്‍ഷത്തോളം വേഷമിട്ടു. ബാലന്‍ കെ നായരും നെല്ലിക്കോട് ഭാസ്‌ക്കരനും ട്രൂപ്പില്‍. ഉഴവുചാലിലെ വിലാസിനി, നെല്ലിക്കോടിന്റെ തിളക്കുന്ന കടലിലെ ശാന്തടീച്ചര്‍, ബാലന്‍ കെ നായര്‍, കുഞ്ഞാണ്ടി ടീം ഒരുക്കിയ ഈഡിപ്പസിലെ ജെക്കോസ്റ്റ, തിക്കോടിയന്റെ പരകായപ്രവേശത്തിലെ അഞ്ജലി, കുതിരവട്ടം പപ്പു, കെ പി ഉമ്മര്‍ തുടങ്ങിയവര്‍ ഒരുക്കിയ കറുത്ത പെണ്ണിലെ ആമിന, ബഹദൂറിന്റെ ബല്ലാത്ത പഹയനിലെ സല്‍മ, കണ്ടം ബെച്ച കോട്ടിലെ കുഞ്ഞീബി തുടങ്ങിയ കഥാപാത്രങ്ങള്‍ ശ്രദ്ധേയം. വാര്‍ത്ത, പഞ്ചാഗ്‌നി, അക്ഷരത്തെറ്റ്, അനുബന്ധം, കടലോരക്കാറ്റ്, ഭരണകൂടം, ചന്ത, ഗോഡ്ഫാദര്‍, ഏയ് ഓട്ടോ, അനുഭൂതി, മഴ പെയ്യുമ്പോള്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഭാനുപ്രകാശ് എഴുതിയ മച്ചാട്ട് വാസന്തിയുടെ ജീവചരിത്രം”പച്ചപ്പനന്തത്ത–കമ്യൂണിസ്റ്റ് ?ഗായികയുടെ ജീവിതവും കാലവും’ പുസ്തകത്തിന്റെ കഴിഞ്ഞ മേയില്‍ കോഴിക്കോട്ട് നടന്ന പ്രകാശനത്തിലാണ് അവസാനം പങ്കെടുത്തത്. കലാപ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് താമസം മാറിയിരുന്നു. ഫാറൂഖ് കോളേജ് തിരിച്ചിലങ്ങാടിക്ക് സമീപമാണ് താമസം. കലാസാഗര്‍ മ്യൂസിക് ക്ലബ് സെക്രട്ടറിയായിരുന്ന പരേതനായ പി കെ ബാലകൃഷ്ണനായിരുന്നു ഭര്‍ത്താവ്. അമ്മ: പരേതയായ കല്യാണി. മക്കള്‍: മുരളി (സിപിഐ എം ഫാറൂഖ് കോളേജ് കൊറ്റമംഗലം ബ്രാഞ്ച് അംഗം), സം?ഗീത. മരുമക്കള്‍: സോമശേഖരന്‍, സുനിത. സഹോദരങ്ങള്‍: മച്ചാട്ട് ശശി (കണ്ണൂര്‍), മച്ചാട്ട് ശ്യാമള (ചെറുവണ്ണൂര്‍), പരേതരായ സുപ്രിയ, വത്സല, മീര.
ആദ്യകാല നാടക -സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു
43