Advertisement

കാപ്പ ചുമത്തിയത് ജനകീയ സമരങ്ങളില്‍ പങ്കെടുത്തതിന്; നടന്നതെല്ലാം രാഷ്ട്രീയ പ്രേരിതം, ആര്‍. സുഗതന്‍ ജയില്‍മോചിതനായി

By kcnchannel / October 6, 2026

കൊച്ചി: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്‍ മോചിതനായി. കാപ്പാ കേസിലെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് മോചനം. ആര്‍.സുഗതന്റെ ഭാര്യ അശ്വതി നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

തിരുവനന്തപുരം ജില്ലാ മജിസ്‌ട്രേറ്റിന്റെ കാപ്പാ തടങ്കല്‍ ഉത്തരവ് ചോദ്യം ചെയ്താണു ഹര്‍ജി സമര്‍പ്പിച്ചത്. കാപ്പ നടപടികളിലെ വീഴ്ചകള്‍ ചൂണ്ടികാണിച്ചാണ് ആര്‍.സുഗതന്റെ ഭാര്യ അശ്വതി ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ പൂര്‍ണ രേഖകള്‍ കൈമാറിയില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ വാദങ്ങള്‍ പരിഗണിച്ചാണ് കാപ്പ റദ്ദ് ചെയ്തത്. വിധിയെ ബിജെപി നേതാക്കള്‍ സ്വാഗതം ചെയ്തു. ആര്‍ സുഗതന്‍ ജയില്‍ മോചിതന്‍ ആകുന്നതോടെ തിരുവനന്തപുരം നഗരസഭയില്‍ ബിജെപി നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകും.

അതേസമയം, തനിക്കെതിരെ ഉണ്ടായത് രാഷ്ട്രീയ കേസാണ് എന്ന് എല്ലാവര്‍ക്കുമറിയാം. എന്നോടൊപ്പം നിന്ന വീട്ടുകാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി.ജനകീയ സമരത്തില്‍ പങ്കെടുത്തതിനാണ് കാപ്പ ചുമത്തിയത്. ഒരു പൊലീസുകാരന്‍ വിചാരിച്ചാല്‍ അകത്ത് കിടക്കേണ്ടി വരും എന്നതിന്റെ തെളിവാണ് ഇത്. നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയിലില്‍ വാസത്തിന് തയ്യാറാണ്. കാപ്പാ നിയമം പൊലീസ് ദുരുപയോഗം ചെയ്യുകയാണെന്നും ജയില്‍ മോചിതനായ ശേഷം ആര്‍ സുഗതന്‍ പ്രതികരിച്ചു