Home National മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ തേടും, വിദ്യാര്‍ത്ഥികള്‍ ഉടന്‍ സ്‌കൂളുകളിലേക്ക് പോകണം: ബാലാവകാശ കമ്മീഷന്‍

മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ തേടും, വിദ്യാര്‍ത്ഥികള്‍ ഉടന്‍ സ്‌കൂളുകളിലേക്ക് പോകണം: ബാലാവകാശ കമ്മീഷന്‍

by KCN CHANNEL
0 comment


മദ്രസകള്‍ ഇല്ലെന്നും ധനസഹായം നല്‍കുന്നില്ലെന്നുമുള്ള കേരള സര്‍ക്കാര്‍ വാദം കള്ളമാണെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: മദ്രസ അടപ്പിക്കുന്നതില്‍ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍. മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്ന് ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷമാണ് തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍തന്നെ സ്‌കൂളുകളിലേക്ക് പോകണമെന്നും പ്രിയങ്ക് ആവശ്യപ്പെട്ടു.

മദ്രസകള്‍ ഇല്ലെന്നും ധനസഹായം നല്‍കുന്നില്ലെന്നുമുള്ള കേരള സര്‍ക്കാര്‍ വാദം കള്ളമാണെന്നും പ്രിയങ്ക് പറയുന്നു. കേരള സര്‍ക്കാരിന്റെ നയം മുസ്ലിം വിഭാഗത്തെ പ്രീതിപ്പെടുത്താനാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്രസ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. മദ്രസ സംവിധാനത്തെ തകര്‍ക്കണമെന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഐഎന്‍എല്‍ പ്രസ്താവനയിറക്കി. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വര്‍ഗീയപരവും വിവേചനപരവുമാണെന്നും നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.

മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കണമെന്ന നിര്‍ദേശത്തിനെതിരെ സമസ്തയും രംഗത്തെത്തി. കേരളത്തിലെ മദ്രസകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെന്നും എന്നാല്‍ ഉത്തരേന്ത്യയിലെ മദ്രസകളില്‍ ഫണ്ട് നല്‍കാറുണ്ടെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഇപ്പോഴത്തെ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഉത്തരേന്ത്യയിലെ കുട്ടികളുടെ അവകാശ നിഷേധമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മതം അനുഷ്ഠിക്കാന്‍ ഇന്ത്യയില്‍ അവകാശം ഉണ്ടെന്നും ഇതിനെതിരെയുള്ള നിര്‍ദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ദേശത്തിനെതിരെ നിയമപരമായും ജനാധിപത്യപരമായും പോരാടാനാണ് സമസ്തയുടെ നീക്കം.

ദുഷ്ടലാക്കോടെയുള്ള തീരുമാനമാണിതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും പ്രതികരിച്ചു. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് മദ്രസകളെ താറടിക്കുന്നുവെന്നും ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസം വേണ്ട എന്ന് ഒരു മദ്രസയിലും പഠിപ്പിക്കുന്നില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മദ്രസകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കില്‍ അവയ്ക്കുള്ള സംസ്ഥാന ധനസഹായം നിര്‍ത്താന്‍ സമിതി സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘വിശ്വാസത്തിന്റെ സംരക്ഷകരോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ?’ എന്ന തലക്കെട്ടിലുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് എന്‍സിപിസിആര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

മദ്രസകളുടെ പ്രാഥമിക ലക്ഷ്യം മതവിദ്യാഭ്യാസമാണെങ്കിലും, ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവശ്യ ഘടകങ്ങളായ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലനം ലഭിച്ച അധ്യാപകര്‍, ശരിയായ അക്കാദമിക പാഠ്യപദ്ധതികള്‍ എന്നിവ പല മദ്രാസകളും നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍, യൂണിഫോം, ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് എടുത്ത് പറയുന്നുണ്ട്.

You may also like

Leave a Comment