മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച പ്രഥമാധ്യാപകന് ഹയര്‍ സെക്കന്‍ ഡറി പരീക്ഷാജോലി. ജനുവരി 19-ന് അന്തരിച്ച പാലത്തായി യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പാറോള്‍ സായിസദനത്തില്‍ പി. ബിജോയി ക്കാണ് (50) വ്യാഴാഴ്ച തുടങ്ങിയ പരീക്ഷാജോലി നല്‍കി വകുപ്പ് ഉത്തര വിറക്കിയത്. പെരിങ്ങത്തൂര്‍ എന്‍.എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കാണ് പട്ടികയില്‍ എണ്‍പത്തിയഞ്ചാമനായി ബിജോയിയെ നി യോഗിച്ചിരിക്കുന്നത്. അധ്യാപകന്‍ എന്നതിനൊപ്പം സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ബിജോയി. പാഠപുസ്തക കമ്മിറ്റിയംഗം, സംസ്ഥാന ഹിന്ദി റിസോഴ്സ്‌പേഴ്സണ്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.പി.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും കോണ്‍ഗ്രസ് പാനൂര്‍ മണ്ഡലം സെക്രട്ടറിയുമായിരുന്നു. അറിയപ്പെടുന്ന ആളായിട്ടും പ്രഥമാധ്യാപകന്റെ പേര് മരണശേഷം വകുപ്പ് തയ്യാ റാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധ മുണ്ട്. എ.ഇ.ഒ., ഡി.ഇ.ഒ. തലങ്ങളില്‍ ക്രോഡീകരിച്ചാണ് പരീക്ഷാ ജോലിക്ക് നിയോഗിക്കപ്പെടേണ്ട അധ്യാപകരുടെ പട്ടിക ലഭിക്കുന്നതെ ന്നും അത്തരത്തില്‍ തയ്യാറാക്കുമ്പോഴുണ്ടായ വീഴ്ചയായിരിക്കാം കാരണമെന്നും ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍.ഡി.ഡി.) എ.കെ. വിനോദ് പറഞ്ഞു. എന്നാല്‍, സ്‌കൂള്‍ചുമതലയുള്ള പ്രഥമാധ്യാപകരെ ഇത്തരം പരീക്ഷാജോലികള്‍ക്ക് നിയോഗിക്കാറില്ലെന്നും ‘കൈറ്റി’ന്റെ സൈറ്റില്‍നിന്ന് അധ്യാപകരുടെ പട്ടിക എടുത്ത് ജോലിക്ക് നിയോഗിച്ചതിനാലാണ് ഇത്തരം വിഴ്ച സംഭവിച്ചതെന്നും അധ്യാപക സംഘടനാ ഭാരവാഹികള്‍ ആരോപിക്കുന്നു.
ജനുവരി 19ന് അന്തരിച്ച പാലത്തായി യു.പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി.ബിജോയിക്ക് പെരിങ്ങത്തൂര്‍ എന്‍ എ എമ്മില്‍ പരീക്ഷാജോലി ; ആര്‍.ഡി.ഡി. ഉത്തരവ് വിവാദമാകുന്നു




