ഗള്‍ഫില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍; ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചു
ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. ദുബായ് വിമാനത്തവാളത്തിന് സമീപം ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഇന്ത്യക്കാരനടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ഒമാനിലെ ദുഖം തുറമുറത്തിന് നേരെയും ഇറാന്റെ ആക്രണം ഉണ്ടായി. ഹോര്‍മൂസ് കടലിടുക്കിന് സമീപം ചരക്ക് കപ്പലുകളും ആക്രമിക്കപ്പെട്ടു. സംഘര്‍ഷങ്ങള്‍ക്കിടെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി റഷ്യന്‍ പ്രസിഡന്റ് ഫോണില്‍ സംസാരിച്ചു.
തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ജിസിസി രാജ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുകയാണ് ഇറാന്‍. ദിവസങ്ങളുടെ ഇടവേളക്ക് ശേഷം ഒമാനിലെ ദുഖം തുറമുഖത്തിന് നേരെ ഇന്ന് വീണ്ടും ആക്രമണം ഉണ്ടായി. തുടര്‍ച്ചയായ ആക്രമണത്തില്‍ തായ്ലന്റ് കപ്പലിന് തീപിടിച്ചു. കപ്പലില്‍ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഒമാന്‍ നാവികസേന അറിയിച്ചു. ഹോര്‍മൂസ് കടലിടുക്കിനോട് ചേര്‍ന്ന മേഖലയിലും ചരക്ക് കപ്പലുകള്‍ ആക്രമിക്കപ്പെട്ടു.
ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു ഇന്ത്യക്കാരനും ഘാന, ബംഗ്ലാദേശ് സ്വദേശികളും ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. വിമാന സര്‍വീസിനെ ബാധിച്ചിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഖത്തറിനെ ലക്ഷ്യമാക്കിയും ഇന്ന് പല തവണ ഇറാന്റെ മിസൈലുകളും ഡ്രോണുകളുമെത്തി. ആക്രമണങ്ങളെ സായുധ സേന വിജയകരമായി പ്രതിരോധിച്ചു. സൗദി അറേബ്യയില്‍ അല്‍ഷെയ്ബ എണ്ണപ്പാടം, അല്‍ഖര്‍ജ് മേഖല, പ്രിന്‍സ് സുല്‍ത്താന്‍ വ്യോമ താവളം എന്നിവിടങ്ങളെ ഇറാന്‍ ഇന്നും ലക്ഷ്യമിട്ടു. എന്നാല്‍ ഇറാന്റെ ഡ്രോണുകളും മിസൈലുകളും തകര്‍ക്കാന്‍ രാജ്യത്തിന്റെ വ്യാമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞു.
ബഹ്‌റൈനില്‍ യുഎസ് സൈനിക മേഖല ലക്ഷ്യമാക്കിയും ഇറാന്‍ ആക്രമണം നടത്തി. ഇറാന്റെ ആക്രമണം തുടരുന്നതിനിടെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. അതിനിടെ ഇറാന്‍ ഇസ്രയേല്‍, യുഎസ് സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഇറാന്റെ ആകാശത്തും കടലിലും ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രായേലും. മിസൈല്‍ ആക്രമണത്തിലൂടെ ഇസ്രായേലും തിരിച്ചടി നല്‍കുന്നുണ്ട്. പരമോന്നത നേതാവ് മുജതബ കമയേനിക്ക് പരിക്ക് പറ്റിയെന്ന വാര്‍ത്ത ഇറാന്‍ മാധ്യമങ്ങള്‍ നിക്ഷേധിച്ചു. എന്നാല്‍ ഇറാനില്‍ ഭരണ മാറ്റത്തിനുള്ള ശ്രമം തുടങ്ങിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.




