മലയോരഹൈവേ നന്ദാരപ്പദവ്-ചേവാര്‍ പാതയുടെ 24 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി

കാസര്‍കോട് : മലയോരമേഖലകളുടെ മുഖച്ഛായ മാറ്റുന്ന 126.30
കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോരഹൈവേ പദ്ധതി അതിവേഗം പുരോഗമിക്കുന്നു. നാല് റീച്ചുകളിലായി ക്രമീകരിച്ചിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒന്നാംറീച്ചായ നന്ദാരപ്പദവ്-ചേവാര്‍ പാതയുടെ 24 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയായി.

വനഭൂമി ഉള്‍പ്പെടാത്ത ഈ ഭാഗം 2021 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി പൊതുമരാമത്തുവകുപ്പിന് കൈമാറിയിട്ടുണ്ട്. രണ്ടാംറീച്ചായ ചേവാര്‍ മുതല്‍ എടപ്പറമ്പ് വരെയുള്ള 28 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. എടപ്പറമ്പ് ഭാഗത്ത് നാലുകിലോമീറ്റര്‍ സ്ഥലമേറ്റെടുപ്പിലെ തടസ്സങ്ങള്‍ കാരണം നിലവില്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിലെ നിര്‍മാണം ഈ മാസം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. ഇതോടെ ജില്ലയുടെ ഉള്‍പ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.

മൂന്നും നാലും റീച്ചുകളില്‍ വനഭൂമിയിലൂടെയുള്ള പാതാ നിര്‍മാണമാണ് പ്രധാന വെല്ലുവിളി. കോളിച്ചാല്‍ മുതല്‍ എടപ്പറമ്പ് വരെയുള്ള മൂന്നാംറീച്ചില്‍ 3.95 കിലോമീറ്റര്‍ വനഭൂമിയുണ്ട്. ഇതിന് പകരമായി വനംവകുപ്പിന് നല്‍കേണ്ട 4.33 ഹെക്ടര്‍ ഭൂമിയുടെ വിവരങ്ങളും ജിയോ കോര്‍ഡിനേറ്റ് സര്‍വേ സ്‌കെച്ചും കേന്ദ്ര പരിവേഷ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. വനംവകുപ്പിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഈ ഭാഗത്തെ തടസ്സങ്ങളും നീങ്ങും. മൂന്നാംറീച്ചില്‍ വനഭൂമി ഒഴികെയുള്ള ഭാഗങ്ങളിലെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
അതേസമയം, നാലാംറീച്ചായ കോളിച്ചാല്‍-ചെറുപുഴ പാതയില്‍ വനഭൂമി ഒഴികെയുള്ള ഭാഗങ്ങളിലെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
വനമേഖലയിലൂടെ കടന്നുപോകുന്ന 3.19 കിലോമീറ്ററില്‍ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി, നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിശദപദ്ധതിരേഖ (ഡി.പി.ആര്‍.) സമര്‍പ്പിച്ചിരിക്കുകയാണ്.

Scroll to Top