എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍, കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ നടപടിക്ക് സാധ്യത. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ നടപടിയെടുക്കാനാണ് നീക്കം. പിപി ദിവ്യയെ യാത്രയയപ്പ് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ ആവര്‍ത്തിച്ചു. തന്റെ ഭാഗത്തുനിന്ന് ഔദ്യോഗികതലത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും കളക്ടര്‍ മൊഴി നല്‍കി.
ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത നാളെയോ മറ്റന്നാളോ റിപ്പോര്‍ട്ട് നല്‍കിയേക്കും. റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ നീക്കം. കളക്ടര്‍ ക്ഷണിച്ചപ്രകാരമാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തത് എന്നായിരുന്നു മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ദിവ്യ പറഞ്ഞിരുന്നത്. വീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.