കാസര്‍കോട് : വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പ്രൊപ്പോസല്‍ ഒരാഴ്ചയ്ക്കകം തയ്യാറാക്കി സമര്‍പ്പിക്കാന്‍ സ്‌പോര്‍ട്സ് കേരള ഫൗണ്ടേഷന് നിര്‍ദേശം നല്‍കി.
സ്റ്റേഡിയം സന്ദര്‍ശിച്ചശേഷമാണ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. എട്ട് ലൈന്‍ സിന്തറ്റിക് ട്രാക്, ഫുട്‌ബോള്‍ ടര്‍ഫ്, സ്റ്റേഡിയത്തിലെ അടിസ്ഥാനസൗകര്യം, പവലിയന്‍ നവീകരണം എന്നിവ ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ആവശ്യപ്പെട്ടത്. ഖേലോ ഇന്ത്യാ പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാന കായികവകുപ്പ് മുഖേന പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
അല്ലെങ്കില്‍, ലഭ്യമാകുന്ന ഏതെങ്കിലും ഫണ്ട് വിനിയോഗിച്ച് സ്റ്റേഡിയം നവീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. കാസര്‍കോടിന്റെ കായികവികസനത്തിന് ഏറ്റവും അനിവാര്യമായ പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. കായികരംഗത്ത് താത്പര്യമുള്ള വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ഉയരങ്ങള്‍ കീഴടക്കുന്നതിനും മികച്ച സ്റ്റേഡിയം അനിവാര്യമാണ്. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം, കാസര്‍കോട് വികസനപാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി.
ചന്ദ്രന്‍, സ്‌പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ അസി. എന്‍ജീനീയര്‍ എന്നിവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.




