2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീന ടീമിനായി കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ലയണല്‍ മെസി. എന്നാല്‍ പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ മാത്രമെ ലോകകപ്പില്‍ കളിക്കൂവെന്നും ടീമിന് ബാധ്യതയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മെസി പറഞ്ഞു.
അതേ സമയം ആറാമത്തെ ലോകകപ്പിന് തയ്യാറെടുക്കുന്ന മെസി അര്‍ജന്റീനക്ക് വേണ്ടി 195 മത്സരങ്ങളില്‍ നിന്ന് 114 ഗോള്‍ നേടിയിട്ടുണ്ട്. 2022 ഖത്തറില്‍ നീണ്ട കാലത്തിന് ശേഷം തന്റെ രാജ്യത്തിനായി കിരീടം നേടി നല്‍കി. ഏഴ് ഗോളും മൂന്ന് അസിസ്റ്റും നേടിയ താരം തന്നെയായിരുന്നു ടൂര്‍ണമെന്റ് താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത്.
2006 ലാണ് താരം ഫിഫ ലോകകപ്പില്‍ അരങ്ങേറുന്നത്. ശേഷം 2014 ല്‍ ടീമിനെ ഫൈനലിലെത്തിച്ചു. ഫൈനലില്‍ ജര്‍മനിയോട് തോറ്റെങ്കിലും നാല് ഗോളും ഒരു അസിസ്റ്റും നേടിയ താരമായിരുന്നു ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത്. അര്‍ജന്റീനക്കായി കോപ്പ കിരീടങ്ങളും ഫൈനലിസീമയും നേടി. നിലവില്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കായി പന്ത് തട്ടുന്ന താരം മികച്ച ഫോമിലാണ്.




