ജി സുധാകരനെ പിന്തുണച്ചാല്‍ കര്‍ശന നടപടി; പാര്‍ട്ടി അംഗത്വം ഉള്ളവരെ പുറത്താക്കാന്‍ സിപിഐഎം

ജി സുധാകരനെ പിന്തുണച്ചാല്‍ കര്‍ശന നടപടി; പാര്‍ട്ടി അംഗത്വം ഉള്ളവരെ പുറത്താക്കാന്‍ സിപിഐഎം

പുന്നപ്ര: ജി സുധാകരനെ പിന്തുണക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. പാര്‍ട്ടി അംഗത്വം ഉള്ളവരാണെങ്കില്‍ അവരെ പുറത്താക്കും. ജി സുധാകരനെതിരെ താഴെ തട്ടില്‍ വരെ പ്രതിരോധം തീര്‍ക്കാനാണ് പാര്‍ട്ടി തീരുമാനം. രഹസ്യ യോഗങ്ങള്‍ ചേര്‍ന്നാലും കര്‍ശന നടപടി സ്വീകരിക്കും.

അതേസമയം, സുധാകരനെതിരെ നിലപാട് കടുപ്പിക്കുകയാണ് സിപിഐഎം. ആലപ്പുഴ പുന്നപ്രയിലെ വി എസ് അച്യുതാനന്ദന്റെ വസതിയില്‍ നിന്ന് ആയിരങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന ബഹുജന റാലി ആരംഭിച്ചു. ശേഷം വിശദീകരണ യോഗവും സംഘടിപ്പിക്കും.

സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. താന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞെന്നും പാര്‍ട്ടി വിട്ടുവെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ല,’ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ ജി സുധാകരനെതിരെ ജന്മനാട്ടില്‍ സിപിഐഎം പ്രകടനം നടത്തിയിരുന്നു. ചാരുംമൂട്ടില്‍ നിന്നും കരിമുളയ്ക്കല്‍ ഭുവനേശ്വരന്‍ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവന്‍, ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി ബി ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നൂറുകണക്കിന് പേര്‍ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.

ജി സുധാകരനെതിരെ പുന്നപ്രയിലെ വീടിന് മുന്നിലും പ്രതിഷേധ ബാനര്‍ ഉയര്‍ന്നിരുന്നു. കുലംകുത്തിയെന്ന് അധിക്ഷേപിച്ചായിരുന്നു ബാനര്‍. ‘കുലംകുത്തികളെ കാലം വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കും’ എന്നാണ് ബാനറിലെ വാചകം. ഭഗവതിക്കല്‍ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ സുധാകരനെ അനുകൂലിക്കുന്ന നിരവധി പേരുണ്ടെന്നും അദ്ദേഹത്തിനൊപ്പം പോകാനായി കാത്തുനില്‍ക്കുന്ന പ്രവര്‍ത്തകരുണ്ടെന്നും അമ്പലപ്പുഴ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് പറഞ്ഞിരുന്നു.

Scroll to Top