ഇന്നത്തെ ഗുരുതര ഊര്‍ജ പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസ്, ബിജെപി കേന്ദ്രസര്‍ക്കാരുകള്‍ സ്വീകരിച്ച നയങ്ങള്‍: മുഖ്യമന്ത്രി

ഇന്നത്തെ ഗുരുതര ഊര്‍ജ പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസ്, ബിജെപി കേന്ദ്രസര്‍ക്കാരുകള്‍ സ്വീകരിച്ച നയങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് രാജ്യം അനുഭവിക്കുന്ന ഗുരുതര ഊര്‍ജ പ്രതിസന്ധിക്ക് കാരണം അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കു കീഴ്പ്പെട്ടുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും നയിച്ച കേന്ദ്രസര്‍ക്കാരുകള്‍ വര്‍ഷങ്ങളായി സ്വീകരിച്ച നയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഈ പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുകയും രാജ്യത്തിന്റെ ഊര്‍ജസുരക്ഷയെ തന്നെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

2006-ല്‍ ഇന്ത്യ ഇറാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയില്‍ നിന്നും പിന്മാറിയ തീരുമാനം രാജ്യത്തിന്റെ ദീര്‍ഘകാല താല്‍പര്യങ്ങളെ അവഗണിച്ച ചരിത്രപരമായ പിഴവായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് അന്ന് ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. ഇന്ത്യ-ഇറാന്‍ വാതക പൈപ്പ് ലൈനിനുവേണ്ടി നിലപാടെടുത്തു എന്ന ഒറ്റക്കാരണത്താല്‍ അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രിയായ മണിശങ്കര്‍ അയ്യരെ 2006-ല്‍ ആ സ്ഥാനത്ത് നിന്നും നീക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനൊപ്പം തന്നെ സ്വകാര്യ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ നിലപാടുകളും ആ തീരുമാനത്തെ സ്വാധീനിച്ചതായി പൊതുവേ വിലയിരുത്തപ്പെട്ടിരുന്നു. മണിശങ്കര്‍ അയ്യരെ മാറ്റി കോര്‍പ്പറേറ്റുകളുടെ അടുപ്പക്കാരനായ മുരളി ദേവ്രയെ പെട്രോളിയം മന്ത്രിസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. തുടര്‍ന്നുണ്ടായ നയപരമായ മാറ്റങ്ങള്‍ രാജ്യത്തിന്റെ ഊര്‍ജ സ്വയംപര്യാപ്തതയെ ശക്തിപ്പെടുത്തുന്നതിനുപകരം കോര്‍പ്പറേറ്റ് കേന്ദ്രീകൃത സമീപനങ്ങള്‍ക്കാണ് വഴിവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ബിജെപി ഭരണത്തില്‍ ഒരു സ്വകാര്യ ഊര്‍ജകമ്പനിക്ക് ലഭിച്ച അമിതമായ പ്രാധാന്യവും സൗകര്യങ്ങളും ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്. അമേരിക്കയില്‍ പോലും പതിറ്റാണ്ടുകള്‍ക്കുശേഷം ലഭിച്ച പുതിയ എണ്ണ ശുദ്ധീകരണ അനുമതി ഇന്ത്യന്‍ സ്വകാര്യ കമ്പനിക്കാണ് ലഭിച്ചതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന കാര്യത്തില്‍ പോലും ഇന്ത്യ അമേരിക്കന്‍ ഭീഷണിക്കു വഴങ്ങുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. രാജ്യത്തിന്റെ താല്‍പര്യങ്ങളേക്കാള്‍ കോര്‍പ്പറേറ്റ്-അന്തര്‍ദേശീയ ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമീപനമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇപ്പോള്‍ അന്താരാഷ്ട്ര വിപണികളോട് അമിതമായ ആശ്രിതത്വം മൂലം ഇന്ധനവില വര്‍ദ്ധനയും വിതരണ അനിശ്ചിതത്വവും രാജ്യത്തെ സാധാരണ ജനങ്ങളെയും വ്യവസായ മേഖലയെയും കടുത്ത പ്രതിസന്ധിയിലേക്ക് വീഴ്ത്തിയിരിക്കുകയാണ്. ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സേവന മേഖലകള്‍ ഗുരുതരമായ ആഘാതം നേരിടുന്നു. ഇത്രയും ഗുരുതരമായ അവസ്ഥയില്‍ പോലും യുദ്ധസാഹചര്യം മുന്‍കൂട്ടി കണക്കിലെടുത്ത് കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുകയോ, ദേശീയ ഉല്‍പ്പാദനം ശക്തിപ്പെടുത്തുകയോ, വൈവിധ്യമാര്‍ന്ന ഊര്‍ജ ഉറവിടങ്ങള്‍ ഉറപ്പാക്കുകയോ ചെയ്യുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ആവശ്യമായ ഇടപെടലുകള്‍ കാണാനില്ല എന്നത് അതീവ ഗൗരവകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തരവും ദൂരദര്‍ശിയുമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളേണ്ടതാണ്. വിദേശ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത സ്വതന്ത്രമായ ഊര്‍ജ്ജ-വിദേശ നയം സ്വീകരിക്കാനും ദീര്‍ഘകാല കരാറുകള്‍ വഴി ഇന്ധനലഭ്യത ഉറപ്പാക്കാനും ദേശീയ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാനും പുതുക്കാവുന്ന ഊര്‍ജ്ജ മേഖലയെ ശക്തിപ്പെടുത്താനും വിലക്കയറ്റത്തില്‍ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കുന്ന നടപടികള്‍ സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Scroll to Top