വിമാനയാത്ര: കേന്ദ്രനിര്‍ദേശം വിനയാകുമോ? ടിക്കറ്റ് നിരക്ക് ഉയരാന്‍ സാധ്യത
വിമാനയാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്ന് കരുതിയ കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കാരം തിരിച്ചടിയാകുന്നു. വിമാനങ്ങളിലെ 60 ശതമാനം സീറ്റുകളെങ്കിലും യാത്രക്കാര്‍ക്ക് സൗജന്യമായി തിരഞ്ഞെടുക്കാന്‍ നല്‍കണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങി വമ്പന്‍ വിമാനക്കമ്പനികള്‍ രംഗത്തെത്തി. നിയമം നടപ്പാക്കിയാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നാണ് കമ്പനികളുടെ മുന്നറിയിപ്പ്.
വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വിന്‍ഡോ സീറ്റിനും മുന്‍നിര സീറ്റുകള്‍ക്കും കമ്പനികള്‍ അധിക തുക ഈടാക്കാറുണ്ട്. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട്, വിമാനത്തിലെ ഭൂരിഭാഗം സീറ്റുകളും അധിക പണമീടാക്കാതെ യാത്രക്കാര്‍ക്ക് ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കാന്‍ ഇത് സഹായിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
സീറ്റ് തിരഞ്ഞെടുക്കുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം നഷ്ടപ്പെടുന്നത് തങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് എയര്‍ലൈനുകള്‍ പറയുന്നു. വരുമാനത്തിലുണ്ടാകുന്ന കുറവ് നികത്താന്‍ അടിസ്ഥാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ഇവരുടെ വാദം. സീറ്റിന് പണം നല്‍കേണ്ടി വന്നില്ലെങ്കിലും മൊത്തത്തിലുള്ള ടിക്കറ്റ് ചാര്‍ജ് കൂടുമെന്നര്‍ഥം.
വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചാല്‍ അത് സാധാരണക്കാരായ യാത്രക്കാരെയാണ് ഏറ്റവുമധികം ബാധിക്കുക. സൗജന്യ സീറ്റുകള്‍ക്കായി യാത്രക്കാര്‍ക്കിടയില്‍ വലിയ മത്സരം ഉണ്ടായേക്കാം. വിമാനക്കമ്പനികള്‍ക്ക് വരുമാനം കുറയുന്നത് സര്‍വീസുകളുടെ നിലവാരത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്.




