കിളിമഞ്ജാരോ പര്‍വതത്തില്‍ കയറി ഇന്ത്യന്‍ ദേശീയ പതാകയുമായി നിന്ന അതേ അര്‍ജുന്‍ പാണ്ഡ്യന്‍. ദീര്‍ഘകാലത്തെ ആഗ്രഹത്തിനൊടുവില്‍ ഹെവി ലൈസന്‍സ് നേടുക എന്ന സ്വപ്നം സഫലമാക്കിയ, ഒട്ടേറെ മാരത്തണിലും വടംകയറ്റത്തിലും പ്രത്യക്ഷപ്പെട്ട, പാടത്തിറങ്ങി വിത്തു വിതയ്ക്കലിലും ട്രാക്ടര്‍ ഓടിച്ച് നിലം ഉഴുതു മറിച്ചും തൃശ്ശൂരില്‍ നാം കണ്ട കളക്ടര്‍. പൂരങ്ങളുടെ നാട്ടില്‍നിന്നും കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍കോടിന്റെ ജില്ലാ കളക്ടറായി ചുമതലയേറ്റിരിക്കുകയാണ് അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്.
മികച്ച കളക്ടര്‍ക്കുള്ള റവന്യൂ വകുപ്പിന്റെ പുരസ്‌കാരം നേടിയ അര്‍ജുന്‍ പാണ്ഡ്യനെ വിട്ടുനല്‍കുക തൃശ്ശൂരുകാര്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. അത് സൂചിപ്പിക്കുന്നതാണ് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച തൃശ്ശൂരില്‍നിന്ന് വിടവാങ്ങുന്നതിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും കിട്ടിയ പ്രതികരണങ്ങള്‍. പൊതുചടങ്ങുകളില്‍ മാത്രമല്ല സോഷ്യല്‍മീഡിയയിലും സജീവമായ അര്‍ജുന്‍ പാണ്ഡ്യന്റെ ലേറ്റസ്റ്റ് പോസ്റ്റ് അദ്ദേഹത്തിന്റെ പുതിയ തട്ടകമായ കാസര്‍കോട് നിന്നുമാണ്.
കാസര്‍കോട് മുതല്‍ ബേക്കല്‍ കോട്ട വരെയുള്ള തന്റെ ഹോളിഡേ ഹാഫ് മാരത്തണിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കളക്ടര്‍. കാസര്‍കോട് നിന്നും ബേക്കല്‍ കോട്ടയിലെ അവസാന കടവുവരെ ഓടിയാണ് അദ്ദേഹം മാരത്തണ്‍ അവസാനിപ്പിച്ചത്. ബേക്കല്‍ ഫോര്‍ട്ട് 17-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒരു മധ്യകാല കോട്ടയാണെന്നും കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണതെന്നും വീഡിയോക്കൊപ്പം പങ്കുവെച്ച ചെറുകുറിപ്പില്‍ അദ്ദേഹം പറയുന്നു. 40 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ബേക്കല്‍ ഉത്തര കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണെന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കളക്ടറുടെ വീഡിയോയുടെ കമന്റ് ബോക്‌സില്‍ തൃശ്ശൂരുകാരുടെ പ്രതികരണങ്ങളേറി വന്നു. തൃശ്ശൂരിലേക്ക് തിരിച്ചു വരണേ എന്നപേക്ഷിച്ചും ആളുകളുടെ പ്രതികരണങ്ങള്‍ കാണാം. മുമ്പും മാരത്തണുകളില്‍ സജീവമായിരുന്ന അര്‍ജുന്‍ പാണ്ഡ്യനോട് അവിടെയും ഓട്ടമാണല്ലേ എന്ന് ചോദിച്ചു ഒരു കൂട്ടര്‍. കാസര്‍കോടേക്ക് കളക്ടറെ സ്വാഗതംചെയ്തുകൊണ്ടും കമന്റുകളുണ്ട്. രണ്ട് ലക്ഷത്തിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ കളക്ടറുടെ പുതിയ വീഡിയോ കണ്ടത്.




