23 കോടി ചെലവഴിച്ച് റോഡ് നവീകരണം; അപകടാവസ്ഥയിലുള്ള കലുങ്ക് പുനര്‍നിര്‍മിക്കാന്‍ ഫണ്ടില്ലെന്ന് മറുപടി

പരപ്പ (ദേലംപാടി) • അപകടാവസ്ഥയിലുള്ള കലുങ്ക് പുനര്‍നിര്‍മിക്കാതെ സംസ്ഥാനാന്തര പാത നവീകരണം ചെര്‍ക്കള-ജാല്‍സൂര്‍ പാതയിലെ പരപ്പയില്‍ സ്‌കൂള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ വളവിലാണ് കലുങ്ക് അപകടഭീഷണി ഉയര്‍ത്തുന്നത്. 23 കോടി രൂപ ചെലവഴിച്ച് റോഡ് നവീകരണം നടക്കുന്നുണ്ടെങ്കിലും ഈ കലുങ്കിനെ തൊടാതെയാണ് പണി പുരോഗമിക്കുന്നത്.
കാലപ്പഴക്കം കാരണം കലുങ്കിന്റെ ഫൗണ്ടേഷനിലെ കോണ്‍ക്രീറ്റ് ഒലിച്ചുപോയി ഭിത്തി തൂങ്ങി നില്‍ക്കുകയാണ്. ഭാരമുള്ള ലോഡുമായി വാഹനങ്ങള്‍ പോകുമ്പോള്‍ കലുങ്ക് ഏതുസമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. കലുങ്കിന്റെ ഭിത്തി കോണ്‍ക്രീറ്റിന് കുമ്പി ഉപയോഗിക്കാറില്ലാത്തതിനാല്‍ വലിയ ഉറപ്പ് ഉണ്ടാകാനും സാധ്യതയില്ല. റോഡ് നവീകരണത്തിനിടെ നാട്ടുകാര്‍ കലുങ്കിന്റെ അപകടസാധ്യത മരാമത്ത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ഫണ്ടില്ലെന്നായിരുന്നു മറുപടിയെന്ന് ആക്ഷേപമുണ്ട്.

ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു ഭാരം കൂടിയ ലോഡുകളുമായി ലോറികള്‍ വരുന്ന പാതയാണിത്. എസ്റ്റിമേറ്റില്‍ ഭേദഗതി വരുത്തി പുതിയ കലുങ്ക് നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Scroll to Top