കളിചിരികളുമായി നടക്കേണ്ട 6 വയസ്സുകാരി കിണറ്റില്‍ വീണു മരിച്ചു.

ഉളകോട് ചരുവിള വീട്ടില്‍ നിന്നു മുളവൂര്‍ക്കോണം കുപ്പണ രതീഷ് ഭവനില്‍ വാടകയ്ക്കു താമസിക്കുന്ന ടി. അനന്തുവിന്റേയും ജി. ഗീതുവിന്റേയും ഏകമകള്‍ എ. അവന്തികയാണ് മരിച്ചത്..

ശനിയാഴ്ച്ച ഉച്ചയ്ക്ക് 2:30ന് ആയിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. സംഭവസമയത്ത് കുട്ടിയും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മയ്‌ക്കൊപ്പം പുറത്തിറങ്ങിയ കുട്ടി, പപ്പായ പറിക്കാനായി തോട്ട എടുക്കാന്‍ അമ്മ പോയ തക്കത്തിന് കിണറിന് സമീപമുണ്ടായിരുന്ന സ്റ്റൂളില്‍ കയറി ആള്‍മറയില്‍ പിടിച്ചു കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പിടിവിട്ട് കുട്ടി കിണറ്റിലേക്ക് വീണു..

ഓടിയെത്തിയ അമ്മ ഗീതു കുട്ടിയുടെ കൈകളില്‍ പിടിച്ചെങ്കിലും പിടിവഴുതി കിണറിന്റെ ആഴങ്ങളിലേക്ക് പോവുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരില്‍ ഒരാള്‍ ഉടന്‍ തന്നെ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്ത് നെടുമണ്‍കാവ് സി.എച്ച്.സിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

മടന്തകോട് ഇ.വി.യു.പി.എസിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്നു അവന്തിക. എഴുകോണ്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ കുരുന്നിന്റെ വേര്‍പാട്..

Scroll to Top