പിതാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസ്:നാല് വര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍

ആദൂര്‍: സ്വന്തം പിതാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ നാല് വര്‍ഷത്തിന് ശേഷം ആദൂര്‍ പോലീസ് പിടികൂടി. അഡൂര്‍ ഗ്രാമത്തിലെ പാണ്ടി വെള്ളരിക്കയ സ്വദേശി നരേന്ദ്ര പ്രസാദിനെയാണ് ആദൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സുജിലേഷ് എം. ഉം സംഘവും അറസ്റ്റ് ചെയ്തത്.
2022 ഏപ്രില്‍ 5-ന് പുലര്‍ച്ചെ 4 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാണ്ടി വെള്ളരിക്കയയിലെ വീട്ടില്‍ വെച്ച് 57 വയസ്സുകാരനായ ബാലകൃഷ്ണ നായിക്കിനെ മകന്‍ നരേന്ദ്ര പ്രസാദ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ബാലകൃഷ്ണ നായിക്ക് മരണപ്പെട്ടതിനെ തുടര്‍ന്ന് ആദൂര്‍ പോലീസ് ക്രൈം നമ്പര്‍ 291/2022 ആയി ഐ.പി.സി സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കേസിലെ കുറ്റപത്രം 2022 ജൂലൈ 31-ന് തന്നെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വര്‍ഷങ്ങളായി ഒളിവിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം പാണ്ടി വെള്ളരിക്കയയിലെ തന്റെ താമസസ്ഥലത്തിന് സമീപം എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്ന് (മാര്‍ച്ച് 23, 2026) പ്രതിയെ പോലീസ് സംഘം വലയിലാക്കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കാസര്‍ഗോഡ് ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Scroll to Top