‘ ഡീല്‍’ ആരോപണം വികസന ചര്‍ച്ച അട്ടിമറിക്കാന്‍ – ഐ.എന്‍.എല്‍

‘ ഡീല്‍’ ആരോപണം വികസന ചര്‍ച്ച അട്ടിമറിക്കാന്‍ – ഐ.എന്‍.എല്‍

കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ‘ഡീല്‍’ ഉണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നത് പിണറായി സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ ഭരണ നേട്ടങ്ങളെയും വികസന കുതിപ്പിനെയും കുറിച്ചുള്ള ചര്‍ച്ച അട്ടിമറിക്കാനുള്ള കുല്‍സിത അജണ്ടയുടെ ഭാഗമാണെന്ന് ഐ.എന്‍.എല്‍.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും മറ്റു കോണ്‍ഗ്രസ് നേതാക്കളുടെയും കള്ള പ്രചാരണങ്ങളെ വേദവാക്യങ്ങളായി അവതരിപ്പിച്ച് ചില മാധ്യമങ്ങളുടെ സഹായത്തോടെ കോണ്‍ഗ്രസ് നടത്തുന്ന ആസൂത്രിത നീക്കം ഇടതുപക്ഷം ശക്തമായി മുന്നോട്ടുവെക്കുന്ന വികസന ചര്‍ച്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിലകുറഞ്ഞ അടവാണ്. ബി.ജെ.പിയുടെ ബി-ടീമായി സ്വയം തരംതാഴുകയും ഹിന്ദുത്വ അജണ്ട ഉയര്‍ത്തിപ്പിടിച്ച് ആര്‍.എസ്.എസിന്റെ ഗുഡ് ബുക്കില്‍ കയറിക്കൂടാന്‍ ശ്രമിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിനെ എന്തുകൊണ്ട് ന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും കൈവിട്ടുവെന്ന് നന്നായി അറിയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ആര്‍.എസ്.എസുമായി ചേര്‍ത്ത് പറയുന്നത് യു.ഡി.എഫിന്റെ കള്ളക്കളികള്‍ കൈയ്യോടെ പിടികൂടിയത് കൊണ്ടാണ്. ബിജെപിയുടെ ‘കൈ’ സഹായമില്ലാതെ ഒരിഞ്ച് മുന്നോട്ടു പോവാന്‍ സാധിക്കില്ലെന്ന ബോധ്യമുള്ള വി.ഡി സതീശന്‍ പിണറായി വിജയന്‍ ആര്‍.എസ്.എസിന്റെ ഏജന്റാണെന്ന് നിസ്സങ്കോചം ആരോപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തൊലിക്കട്ടിയെ ഓര്‍ത്ത് പരിതപിക്കുകയേ നിര്‍വാഹമുള്ളു. സംഘ്പരിവാര്‍ നേതാക്കളെ തൊഴുതു വണങ്ങാനും അവരുടെ സകല പരിപാടികളിലും പങ്കെടുത്ത് ആശീര്‍വദിക്കാനും ആവേശം കാട്ടുന്ന സതീശന്‍ കെ.പി.സി.സി മുന്‍ പ്രസിഡണ്ട് കെ. സുധാകരനെ പോലെ ആര്‍.എസ്.എസിന്റെ കാവലാളും രക്ഷാകര്‍ത്താവുമാണ്. ഇടതുമുന്നണിയെ അധികാരത്തില്‍നിന്ന് താഴെയിറക്കിയാലേ കോണ്‍ഗ്രസ് -ബി.ജെ.പി ബാന്ധവം പുഷ്‌ക്കലിക്കുകയുള്ളുവെന്ന് കണക്കുകൂട്ടുന്ന കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും കോലീബിയുടെ പഴയ പ്രേതം ഇപ്പോഴും പിന്തുടരുന്നുണ്ടെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു

Scroll to Top