വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണം: ഉദ്ഘാടനം കഴിഞ്ഞിട്ടും താമസം തുടങ്ങാന്‍ കഴിയാതെ ദുരന്തബാധിതര്‍

ഉദ്ഘാടന ശേഷം നിര്‍മ്മാണ തൊഴിലാളികളുടെ എണ്ണവും കുറച്ചു

വളരെ വേഗത്തില്‍ പണി കഴിക്കും. ആദ്യ ഘട്ടത്തില്‍ തന്നെ 178 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയും. ഏപ്രിലോടെ എല്ലാ ദുരന്തബാധിതര്‍ക്കും താമസിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അന്ന് പറഞ്ഞിരുന്നത്.

വയനാട്: ടൗണ്‍ഷിപ്പ് നിര്‍മ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും താമസിക്കാന്‍ കഴിയാതെ ദുരന്ത ബാധിതര്‍. നിര്‍മ്മാണം പൂര്‍ത്തിയാകാത്തതാണ് കാരണം. മാര്‍ച്ച് ഒന്നിനാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചത്. സര്‍ക്കാര്‍ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. വളരെ വേഗത്തില്‍ പണി കഴിക്കും ആദ്യ ഘട്ടത്തില്‍ തന്നെ 178 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയും. ഏപ്രിലോടെ എല്ലാ ദുരന്തബാധിതര്‍ക്കും താമസിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അന്ന് പറഞ്ഞിരുന്നത്.

എന്നാല്‍ കൈമാറിയ വീടുകളുടെ പണികള്‍ പോലും പൂര്‍ത്തികരിച്ചിട്ടില്ല. പണി എപ്പോള്‍ പൂര്‍ത്തീകരിക്കും എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയും വരുത്തിയിട്ടില്ല. 2300 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. നിര്‍മ്മാണ സാധനങ്ങള്‍ കിട്ടാതെ ഉപകരാര്‍ എടുത്ത കമ്പനികളും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. അതേസമയം ഉദ്ഘാടനം നടത്തുന്ന സമയത്ത് തന്നെ നിരവധി പ്രവര്‍ത്തികള്‍ ഇനിയും ബാക്കിയുണ്ടെന്നും ഉടന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. മഴക്കാലം എത്തിയാല്‍ നിര്‍മ്മാണം ഇനിയും വൈകുമെന്നതും പ്രതിസന്ധിയുണ്ടാക്കുന്നതാണ്.

Scroll to Top