പ്രതിരോധ കുത്തിവെപ്പ് ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കമായി

കാഞ്ഞങ്ങാട്: നിര്‍മാര്‍ജനം ചെയ്ത രോഗങ്ങളുടെ പുനരാഗമനം തടയുന്നതിനും പ്രതിരോധ കുത്തിവെപ്പിലൂടെ മാതൃ ശിശു സംരക്ഷണം ഉറപ്പാക്കുന്നതിനുമായി പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പ്രതിരോധ കുത്തിവെപ്പ് ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കമായി. കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും നല്‍കുന്ന പ്രതിരോധ കുത്തിവെപ്പുകളുടെ ബോധവല്‍ക്കരണത്തോടൊപ്പം അഞ്ചാംപനി, റുബെല്ല എന്നീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന എം.ആര്‍ വാക്‌സിനേഷന്‍ പരിപാടിയുടെ പ്രചരണവും ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം പള്ളിക്കര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം.അബ്ദുള്‍ ലത്തീഫ് നിര്‍വ്വഹിച്ചു. പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സലാഹ് അബ്ദുള്‍ റഹിമാന്‍ ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ എം.ടി.മാധവന്‍, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എം.ശശീന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍മാരായ വി.വി.സുരേഷ്‌കുമാര്‍, എ.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പയിന്റെ ഭാഗമായുള്ള തുടര്‍ ബോധവല്‍ക്കരണ പരിപാടികള്‍ വരും ദിവസങ്ങളില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും.

KCN

more recommended stories