പത്തുകിലോ ചന്ദനമുട്ടികളുമായി മൂന്നുപേര്‍ അറസ്റ്റില്‍

നീലേശ്വരം: ബൈക്കുകളില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന പത്തുകിലോ ചന്ദനമുട്ടികളുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബേഡകം കൊളത്തൂര്‍ സ്വദേശികളായ അബ്ദുല്‍ ഖാദര്‍, ഷാഹുല്‍ ഹമീദ്, ചട്ടഞ്ചാല്‍ തെക്കിലിലെ എം റഷീദ് എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെ നീലേശ്വരം പള്ളിക്കര റെയില്‍വെ ഗേറ്റിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന നീലേശ്വരം സി ഐ വി ഉണ്ണികൃഷ്ണന്‍, എസ് ഐ പി പി നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെയാണ് ചന്ദനമുട്ടികളുമായി രണ്ട് ബൈക്കുകള്‍ എത്തിയത്. അബ്ദുല്‍ ഖാദറും ഷാഹുല്‍ ഹമീദും ഒരു ബൈക്കിലും റഷീദ് മറ്റൊരു ബൈക്കിലുമാണ് ഉണ്ടായിരുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് ബൈക്കുകളില്‍ നിന്നുമായി അഞ്ചു കിലോ വീതം ചന്ദനമുട്ടികള്‍ കണ്ടെടുക്കുകയായിരുന്നു. ബൈക്കുകള്‍ കസ്റ്റഡിയിലെടുത്ത പോലീസ് മൂന്നുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

തുടര്‍ന്ന് ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. തളിപ്പറമ്പില്‍ നിന്നും കാസര്‍കോട്ടേക്കാണ് ചന്ദനം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി. തളിപ്പറമ്പ് സ്വദേശിയായ ഒരാളില്‍ നിന്നാണ് ചന്ദനം വാങ്ങിയതെന്നും ഇവര്‍ പറഞ്ഞു.ചന്ദനക്കള്ളക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് മൂന്നുപേരുമെന്ന് പോലീസ് സംശയിക്കുന്നു. ഒരു കിലോ ചന്ദനത്തിന് രണ്ടായിരം രൂപയോളം വില കിട്ടുന്നുണ്ട്. മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ ചന്ദനക്കടത്ത് നടക്കുന്നത്. ചന്ദനമരങ്ങള്‍ ഇടതൂര്‍ന്ന് വളരുന്ന കാലം കൂടിയാണിത്. ചന്ദനമരത്തില്‍ കാതല്‍ നിറഞ്ഞുതുടങ്ങുന്നതിനുമുമ്പുതന്നെ വെട്ടിയെടുത്ത് കഷണങ്ങളായി വില്‍പ്പനക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. കാസര്‍കോട് ജില്ലയില്‍ ചന്ദനമോഷ്ടാക്കള്‍ സജീവമാണ്. ലക്ഷക്കണക്കിന് രൂപയുടെ ചന്ദനങ്ങളാണ് ഇവിടെ നിന്നും കടത്തിക്കൊണ്ടുപോകുന്നത്. പോലീസിന്റെയും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെയും ശ്രദ്ധയില്‍ പെടാതെ നിരവധി വാഹനങ്ങളില്‍ ചന്ദനം കടത്തിക്കൊണ്ടുപോകുന്നുണ്ട്.

KCN

more recommended stories