മഅദനിയുടെ സുരക്ഷാച്ചെലവ് 15 ലക്ഷത്തില്‍നിന്ന് 1.18 ലക്ഷമായി കര്‍ണാടക കുറച്ചു

ന്യൂഡല്‍ഹി: പി.ഡി.പി അധ്യക്ഷന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ സുരക്ഷാ ചെലവിനുള്ള തുക കര്‍ണാടക സര്‍ക്കാര്‍ 1,18,000 രൂപയാക്കി കുറച്ചു. ഈ തുക സുപ്രീംകോടതി അംഗീകരിച്ചു. 14,80,000 രൂപയാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. കൂടാതെ കേരളത്തില്‍ കഴിയാവുന്ന ദിവസങ്ങളും കൂട്ടി. ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതിയായ മഅദനിക്ക് ഓഗസ്റ്റ് ആറുമുതല്‍ 19 വരെ കേരളത്തില്‍ കഴിയാനും കോടതി അനുമതി നല്‍കി.

മഅദനിയുടെ പുതുക്കിയ സുരക്ഷാചെലവ് എത്രയാണെന്നു അറിയിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോടു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു യാത്രാബത്തയും ദിനബത്തയും മാത്രം നല്‍കിയാല്‍ മതിയെന്നും കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ദിനബത്തയും യാത്രാബത്തയും മാത്രം ഉള്‍പ്പെടുന്ന തുക എത്രയെന്നു വ്യക്തമാക്കാന്‍ ജഡ്ജിമാരായ എസ്.എ.ബോബ്ഡെയും എല്‍.നാഗേശ്വര റാവുവും ഉള്‍പ്പെട്ട ബെഞ്ചാണു കര്‍ണാടക സര്‍ക്കാരിനോടു നിര്‍ദേശിച്ചത്. മഅദനിയുടെ സുരക്ഷ കര്‍ണാടക സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.

സുരക്ഷാചെലവായി 15 ലക്ഷം രൂപയോളം കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നു മഅദനിയുടെ കേരളത്തിലേക്കുളള യാത്ര പ്രതിസന്ധിയിലായിരുന്നു. സുരക്ഷയൊരുക്കാന്‍ വലിയ തുക കെട്ടിവയ്ക്കണമെന്ന കര്‍ണാടക പൊലീസിന്റെ ആവശ്യത്തിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമാണു ഉന്നയിച്ചത്. മഅദനിക്കു കേരളത്തില്‍ സുരക്ഷ നല്‍കാമെന്ന കേരള സര്‍ക്കാരിന്റെ വാഗ്ദാനം കോടതി തള്ളി. ആരുടെ ഒത്താശയിലാണു പൊലീസിന്റെ നിലപാടെന്നും മഅദനിയുടെ യാത്ര തടസ്സപ്പെടുത്തുകയാണോ ഉദ്ദേശ്യമെന്നും ചോദിച്ച കോടതി, തങ്ങളുടെ ഉത്തരവിനെ ഗൗവരമായി എടുക്കണമെന്നും കര്‍ണാടകയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്കു പോയപ്പോള്‍ ആകെ 18,000 രൂപയാണു സുരക്ഷാച്ചെലവിനു നല്‍കിയതെന്നു മഅദനിക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണും ഹാരീസ് ബീരാനും വാദിച്ചു. അന്നു നാലു പൊലീസുകാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 19 പേര്‍. ആവശ്യപ്പെടുന്നതു 15 ലക്ഷം രൂപ. ജാമ്യത്തിലായിരിക്കെ മാതാവിനെ കാണാന്‍ പോയപ്പോള്‍ ഒരു പൈസയും നല്‍കേണ്ടിവന്നില്ല. എന്താണിതെന്നു കോടതി കര്‍ണാടകയുടെ അഭിഭാഷകന്‍ ജെ.അരിസ്റ്റോട്ടിലിനോടു ചോദിച്ചു. അതീവ ഗൗരവമുള്ള കുറ്റങ്ങളാണ് മഅദനിക്കെതിരെ ആരോപിക്കപ്പെടുന്നതെന്നും സുരക്ഷാച്ചെലവിനായി 12.54 ലക്ഷം രൂപയും നികുതിയുമാണ് ആവശ്യപ്പെട്ടതെന്നുമാണ് കഴിഞ്ഞദിവസം അഭിഭാഷകന്‍ പറഞ്ഞത്.

KCN

more recommended stories