അണ്ണാ ഡി.എം.കെയില്‍ വീണ്ടും കരുനീക്കങ്ങള്‍ സജീവം; ദിനകരന്‍ ഇന്ന് ചുമതലയിലേക്ക്

ചെന്നൈ : അണ്ണാ ഡി.എം.കെ അമ്മാ പാര്‍ട്ടിയില്‍ ആധിപത്യമുറപ്പിയ്ക്കാന്‍ ടിടിവി ദിനകരന്റെ നീക്കം. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ദിനകരന്‍ ഇന്ന് ചുമതലയില്‍ തിരികെ പ്രവേശിക്കും. തന്റെ അനുയായികള്‍ക്കായി പുതിയ 44 തസ്തികകള്‍ കഴിഞ്ഞ ദിവസം ടി.ടി.വി ദിനകരന്‍ സൃഷ്ടിച്ചിരുന്നു. ടിടിവി ദിനകരന്റേത് തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ പാര്‍ട്ടി ഭാരവാഹികളെ ആരെയും ഒഴിവാക്കാതെ പുതിയ 44 തസ്തികകള്‍ സൃഷ്ടിച്ച് തന്റെ അനുയായികള്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ സ്ഥാനം നല്‍കുകയാണ് ദിനകരന്‍. ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായി മാത്രം 18 പേരെയാണ് നിയമിച്ചിരിയ്ക്കുന്നത്. മണ്ണാര്‍ഗുഡി കുടുംബവുമായുള്ള ബന്ധത്തിന്റെ പേരില്‍ ഒരിയ്ക്കല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സെന്തില്‍ ബാലാജിയ്ക്കും, അനുയായികളായ പളനിയപ്പനും നാഞ്ചില്‍ സമ്പത്തിനും പുതിയ പദവികള്‍ ലഭിച്ചു. പാര്‍ട്ടിയില്‍ നിന്ന് മാറി നിന്ന രണ്ട് മാസക്കാലാവധിയ്ക്ക് ശേഷവും ഒ.പി.എസ് പക്ഷവുമായുള്ള ലയനം നടക്കാത്തതിനാല്‍ ചുമതലയില്‍ തിരികെ പ്രവേശിയ്ക്കുന്നുവെന്ന് ദിനകരന്‍. പാര്‍ട്ടിയെ ഒന്നിപ്പിയ്ക്കാനുള്ള ചര്‍ച്ചകള്‍ തന്റെ നേതൃത്വത്തില്‍ നടന്നുവരികയാണെന്നും ഒക്ടോബറിനുള്ളില്‍ ഒരു നല്ല വാര്‍ത്ത പ്രതീക്ഷിയ്ക്കാമെന്നും ദിനകരന്‍ അവകാശപ്പെടുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന എം.ജി.ആര്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാന്തരമായി ദിനകരനും സംസ്ഥാന പര്യടനത്തിനൊരുങ്ങുകയാണ്. ആഗസ്ത് 14 ന് മേലൂരിലാകും ദിനകരന്റെ രാഷ്ട്രീയ പുനഃപ്രവേശനത്തിന് ശേഷമുള്ള ആദ്യ പൊതുപരിപാടി. ദിനകരന്‍ സ്ഥാനമേറ്റെടുക്കാനൊരുങ്ങുന്നതിന് മുന്‍പേ പാര്‍ട്ടി ആസ്ഥാനത്ത് യോഗം വിളിച്ച് അധികാരമുറപ്പിയ്ക്കാന്‍ ശ്രമിച്ച എടപ്പാടി പളനിസ്വാമി, ദിനകരന്റെ പുതിയ നീക്കത്തോട് എങ്ങനെ പ്രതികരിയ്ക്കുമെന്നതാണ് ശ്രദ്ധേയം.

KCN

more recommended stories