ബി.എസ്.സി നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം വൈകുന്നു

കോഴിക്കോട്: ബി.എസ്.സി നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പതിവിലും വൈകുന്നതായി പരാതി. എല്‍.ബി.എസ് നടത്തിയിരുന്ന പ്രവേശനനടപടികള്‍ ഈ വര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാറിന്റെ എന്‍ട്രന്‍സ് കമീഷണറുടെ കാര്യാലയമാണ് നടത്തുന്നത്. കഴിഞ്ഞവര്‍ഷം വരെ മേയില്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു പതിവ്. ജൂണ്‍ 15നായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. അലോട്ട്‌മെന്റുകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കി ആഗസ്‌റ്റോടെ ക്ലാസുകള്‍ തുടങ്ങുന്നതും തെറ്റി. ആഗസ്റ്റ് ആദ്യവാരം റാങ്ക്‌ലിസ്റ്റ് തയാറാക്കി അലോട്ട്മന്റെ് നടപടികള്‍ തുടങ്ങുമെന്നാണ് ഇത്തവണ വിജ്ഞാപനത്തിലുള്ളത്. ബി.എസ്‌സി നഴ്‌സിങ്, ബി.എസ്‌സി എം.എല്‍.ടി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഒപ്‌റ്റോമെട്രി, ബി.പി.ടി, ബി.സി.വി.ടി, ബി.എ എസ്.എല്‍.പി, ബി.എസ്‌സി എം.ആര്‍.ടി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോ കെമിസ്ട്രി തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കേണ്ടത്. ജൂലൈ നാലിനാണ് പ്രവേശനപരീക്ഷകമീഷണറുടെ വിജ്ഞാപനം വന്നത്. ബി.എസ്‌സി നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകളുള്ള കോളജുകള്‍ അടിസ്ഥാനവിവരങ്ങള്‍ പ്രവേശനകമീഷണറെ ഇ-മെയിലിലൂടെ അറിയിക്കാനുള്ള അവസാന തീയതി ജൂലൈ എട്ടിനായിരുന്നു. ജൂലൈ എട്ട് മുതല്‍ 16 വരെയായിരുന്നു ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി. പിന്നീട് 19 വരെ നീട്ടിയിരുന്നു. പ്രിന്റൗട്ടും അനുബന്ധരേഖകളും അയക്കേണ്ടത് ജൂലൈ 20 വരെയായിരുന്നു. ഇത്രയും ദിവസം കഴിഞ്ഞിട്ടും മറ്റ് നടപടികള്‍ തുടങ്ങിയില്ലെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആരോപിക്കുന്നു. അയല്‍സംസ്ഥാനങ്ങളില്‍ പ്രവേശനനടപടികള്‍ പുരോഗമിക്കുകയാണ്. ഹയര്‍ െസക്കന്‍ഡറി തലത്തില്‍ മികച്ച മാര്‍ക്കുള്ള പല വിദ്യാര്‍ഥികളും മെറിറ്റില്‍ പ്രവേശനം കാത്തിരിക്കുകയാണ്. കേരളത്തില്‍ പ്രവേശനം വൈകുന്നത് അവസരം നഷ്ടപ്പെടുത്തുമെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷങ്ങളില്‍ കേരളത്തില്‍ പ്രവേശനം കിട്ടാത്തവര്‍ കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളില്‍ പണംകൊടുത്ത് ഈ കോഴ്‌സുകള്‍ക്ക് ചേരാറുണ്ട്. കേരളത്തില്‍ എന്‍ജിനീയറിങ്, മെഡിക്കല്‍ കോഴ്‌സുകളിലെപ്പോലെ പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ നിയമപോരാട്ടവും മറ്റ് ആശയക്കുഴപ്പവുമില്ലെങ്കിലും പ്രവേശനം വൈകുകയാണ്. മെറിറ്റ്, മാനേജ്‌മെന്റ സീറ്റിലേക്ക് കഴിഞ്ഞവര്‍ഷത്തെ ഫീസ്ഘടനതന്നെ തുടരാനാണ് തീരുമാനം.

KCN

more recommended stories