എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ. ശമ്പളം വര്‍ധിപ്പിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജയിംസ് കമ്മിറ്റി സ്പീക്കര്‍ക്ക് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കി.

ഏകാംഗ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ എം.എല്‍.എമാരുടെ ശമ്പളം അലവന്‍സുകളടക്കം 80,000 രൂപയായി ഉയര്‍ന്നേക്കും. നിലവിലെ ശമ്പളത്തിന്റെ ഇരട്ടിയോളമാണിത്. ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം എം.എല്‍.എമാര്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഇതേക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയെ നിയോഗിച്ചത്. അയല്‍ സംസ്ഥാനങ്ങളിലേതിനെക്കാള്‍ കുറവാണ് സംസ്ഥാനത്തെ എം.എല്‍.എമാരുടെ ശമ്പളമെന്നായിരുന്നു പരാതി.

എം.എല്‍.എമാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും വാഹനം വാങ്ങുന്നതിനും ലഭിക്കുന്ന അഡ്വാന്‍സ് തുക അടുത്തിടെ ഇരട്ടിയാക്കിയിരുന്നു. വീട് വയ്ക്കുന്നതിന് ലഭിക്കുന്ന അഡ്വാന്‍സ് തുക പത്ത് ലക്ഷത്തില്‍നിന്നും 20 ലക്ഷമായും വാഹനം വാങ്ങുന്നതിനുള്ള തുക അഞ്ച് ലക്ഷത്തില്‍നിന്നും പത്ത് ലക്ഷം രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ശമ്പളവും വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ. തമിഴ്‌നാട്ടിലെ എം.എല്‍.എമാരുടെ ശമ്പളവും പെന്‍ഷനും അടുത്തിടെ ഇരട്ടിയായി വര്‍ധിപ്പിച്ചിരുന്നു. പ്രതിമാസം ശമ്പളത്തില്‍ അമ്പതിനായിരം രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതോടെ തമിഴ്‌നാട് എം.എല്‍.എമാരുടെ ശമ്പളം 1.05 ലക്ഷമായി ഉയര്‍ന്നിരുന്നു.

KCN

more recommended stories