അമിത് ഷായ്ക്ക് അസൗകര്യം: കുമ്മനം രാജശേഖരന്റെ പദയാത്ര മാറ്റിവെച്ചു

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പദയാത്ര മാറ്റി വെച്ചു. സെപ്തംബറില്‍ നടത്താനിരുന്ന യാത്രയാണ് ഒക്ടോബറിലേക്ക് മാറ്റിവെച്ചത്. അമിത് ഷായുടെ അസൗകര്യം കണക്കിലെടുത്താണ് മാറ്റിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, യാത്രയുടെ ഒരുക്കങ്ങള്‍ പകുതി പോലും പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണ് മാറ്റി വെച്ചതെന്നാണ് സൂചന.

സെപ്തംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്നും പദയാത്ര ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ പിണറായി അടക്കം സി.പി.ഐ.എം-ആര്‍.എസ്.എസ് സംഘര്‍ഷങ്ങള്‍ സജീവമായ സ്ഥലങ്ങളില്‍ കൂടി പദയാത്ര കടന്നു പോകുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചതോടെ പദയാത്ര മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം പറയുന്നു.
അതിനിടെ അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ നേതാക്കളെ പദയാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യാത്രകളുടെ ചുമതലകളില്‍ നിന്ന് ആദ്യം പുറത്തേക്ക് പോയത് ബി.ജെ.പി സംസ്ഥാന സമിതിയംഗമായിരുന്ന എ.കെ നസീറായിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നോളം സംസ്ഥാന ഭാരവാഹികളെയും യാത്രയില്‍ നിന്നും ഒഴിവാക്കിയത്. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൊല്ലം, കോട്ടയം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലാ കമ്മറ്റികളില്‍ താല്‍ക്കാലികമായ അഴിച്ചുപണിയും ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

KCN

more recommended stories