വിലക്കയറ്റത്തില്‍ ആശ്വാസമായി സഹകരണ ഓണച്ചന്തകള്‍

കണ്ണൂര്‍: കണ്‍സ്യൂമര്‍ഫെഡിന്റെയും സഹകരണവകുപ്പിന്റെയും ആഭിമുഖ്യത്തിലുള്ള ഓണച്ചന്തകള്‍വഴി ജില്ലയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നത് 3.07 കോടിയുടെ സബ്‌സിഡി. ജില്ലയില്‍ 192 സംഘങ്ങള്‍ക്ക് കീഴില്‍ 270 ഓണച്ചന്തകള്‍ സഹകരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട 13 ഇനം ഭക്ഷ്യവസ്തുക്കള്‍ ചന്തകളിലൂടെ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു. പൊതുവിപണിയിലെ വിലയെ അപേക്ഷിച്ച് 30 മുതല്‍ 40 ശതമാനംവരെ വിലക്കുറവിലാണ് സഹകരണ ഓണച്ചന്തകളിലൂടെ വില്‍ക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ മൊത്തവിതരണകേന്ദ്രംവഴി ഇതുവരെ 76,7,79,966 രൂപയുടെ സാധനങ്ങളാണ് സഹകരണ ചന്തകള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതിന്റെ 30 മുതല്‍ 40 ശതമാനംവരെയാണ് സബ്‌സിഡി. അങ്ങനെ കണക്കാക്കിയാല്‍ ഏകദേശം 3.07 കോടി രൂപയാണ് സഹകരണച്ചന്തകളിലെ വില്‍പനയിലൂടെ ജനങ്ങളുടെ കൈയിലെത്തുന്നത്. പൊതുവിപണിയില്‍ 41 രൂപയുള്ള ജയ അരി 25 രൂപക്കാണ് ഓണച്ചന്തയില്‍ വില്‍ക്കുന്നത്.44 രൂപ വിലയുള്ള കുത്തരി 24 രൂപക്കും 44 രൂപ വിലയുള്ള പഞ്ചസാര 22 രൂപക്കും ഓണച്ചന്തയിലൂടെ ലഭിക്കുന്നു. വെളിച്ചെണ്ണക്ക് ലിറ്ററിന് 170 രൂപയാണ് വിപണിവില. എന്നാല്‍, ഓണച്ചന്തയില്‍ വെളിച്ചെണ്ണക്ക് 90 രൂപയാണ്.90 രൂപ പൊതുവിപണിയില്‍ വിലയുള്ള കടല 43 രൂപക്കും 95 രൂപയുള്ള ചെറുപയര്‍ 66 രൂപക്കുമാണ് വില്‍പന നടത്തുന്നത്. 56 രൂപക്ക് ഓണച്ചന്തയില്‍ ലഭിക്കുന്ന വറ്റല്‍മുളകിന് 95 രൂപയാണ് വിപണിവില. സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയാണ് ഇവയെല്ലാം വിപണിനിരക്കിനെക്കാള്‍ വിലകുറച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.സബ്‌സിഡിയില്ലാത്ത ഇനങ്ങള്‍ക്കും ഓണച്ചന്തയില്‍ പൊതുവിപണിയെ അപേക്ഷിച്ച് കാര്യമായ വിലക്കുറവുണ്ട്.ഈ ഇനത്തില്‍ വരുന്ന ചെറുപയര്‍ പരിപ്പിന് വിപണിയില്‍ 95 രൂപയുള്ളപ്പോള്‍ 64 രൂപക്കാണ് ഓണച്ചന്തയിലെ വില്‍പന. കിലോ 83 രൂപ വിലയുള്ള പീസ് പരിപ്പ് 50 രൂപക്ക് ലഭിക്കും. സംസ്ഥാനത്താകെ 3500 ഓണച്ചന്തകളാണ് സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുള്ളത്. ഇവയിലൂടെ 200 കോടി രൂപയുടെ വില്‍പനയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ മൂന്നുവരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക.

നാടന്‍ പച്ചക്കറികളുമായി കുടുംബശ്രീ ചന്ത
കണ്ണൂര്‍: വിഷമില്ലാത്ത നാടന്‍ പച്ചക്കറി ഇനങ്ങളുമായി കുടുംബശ്രീയുടെ ഓണച്ചന്ത വ്യാഴാഴ്ച ആരംഭിക്കും. ഗ്രാമശ്രീ- വിഷരഹിത നാടന്‍ പച്ചക്കറിച്ചന്ത എന്നപേരില്‍ കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്താണ് രണ്ടു ദിവസത്തെ ഓണച്ചന്ത. കുടുംബശ്രീവഴി നടപ്പിലാക്കി വരുന്ന ‘മഹിളാ കിസാന്‍ ശാക്തീകരണ്‍ പര്യോജന’ (എം.കെ.എസ്.പി) പദ്ധതിയില്‍ ഉല്‍പാദിപ്പിച്ച നാടന്‍ പച്ചക്കറി ഇനങ്ങളാണ് വില്‍പന നടത്തുക. പച്ചക്കറി വാങ്ങാനെത്തുന്നവര്‍ തുണിസഞ്ചി കരുതണമെന്ന പ്രത്യേക അറിയിപ്പും കുടുംബശ്രീ നല്‍കുന്നു. സഞ്ചി എടുക്കാത്തവര്‍ക്ക് 20 രൂപ നിരക്കില്‍ ചന്തയില്‍ തുണിസഞ്ചി ലഭിക്കും.

KCN

more recommended stories