കോഹ്ലിക്കും രോഹിത്തിനും സെഞ്ച്വറി; ലങ്കയ്ക്ക് 376 റണ്‍സ് വിജയലക്ഷ്യം

കൊളംബൊ: ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 376 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കോഹ്ലി (131), രോഹിത് ശര്‍മ (104) എന്നിവരുടെ സെഞ്ച്വറികളും മനീഷ് പാണ്ഡെ (50*) ധോണി (49*) എന്നിവരുടെ പ്രകടനങ്ങളുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ആറ് റണ്‍സില്‍ നില്‍ക്കെ ധവാന്റെ വിക്കറ്റ് നഷ്ടമായത് മാത്രമാണ് തിരിച്ചടിയായത്. രണ്ടാം വിക്കറ്റില്‍ കോഹ്ലി-ശര്‍മ സഖ്യം 219 റണ്‍സ് ചേര്‍ത്ത് തിരിച്ചടിച്ചു. 27.3 ഓവറിലാണ് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് ഇരുവരും സൃഷ്ടിച്ചത്. കോഹ്ലി 96 പന്തില്‍ 131 റണ്‍സെടുത്തപ്പോള്‍ രോഹിത് 88 പന്തില്‍ 104 റണ്‍സെടുത്ത് പുറത്തായി. 17 ഫോറുകളും രണ്ട് സിക്സറും ഉള്‍പ്പെട്ടതായിരുന്നു ഇന്ത്യന്‍ നായകന്റെ ഇന്നിംഗ്സ്. ശര്‍മ 11 ഫോറുകളും മൂന്ന് സിക്സറുകളും പറത്തി. മധ്യനിരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യെ (19), ലോകേഷ് രാഹുല്‍ (7) എന്നിവര്‍ പരാജയപ്പെട്ടെങ്കിലും ആറാം വിക്കറ്റില്‍ ധോണിയും മനീഷ് പാണ്ഡെയും 101 റണ്‍സ് ചേര്‍ത്ത് സ്‌കോര്‍ 375 ലെത്തിച്ചു. 12.2 ഓവറിലായിരുന്നു ഈ കൂട്ടുകെട്ട്. 42 പന്തുകള്‍ നേരിട്ട മനീഷ് നാലു ഫോറുകളും ഇത്രയും പന്തുകള്‍ നേരിട്ട ധോണി അഞ്ച് ഫോറുകളും ഒരു സിക്സറും പറത്തി.
കോഹ്ലി ഏകദിനത്തിലെ ഇരുപത്തിയൊന്‍പതാമത്തെയും ശര്‍മ പന്ത്രണ്ടാമത്തെയും ശതകങ്ങളാണ് ഇന്ന് തികച്ചത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും അധികം സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി കോഹ്ലി മാറി. മുന്നില്‍ ഇനി റിക്കി പോണ്ടിംഗ് (30), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (49) എന്നിവരാണുള്ളത്.
ഏകദിനത്തില്‍ തന്റെ മുന്നൂറാം മത്സരത്തിനിറങ്ങിയ ധോണി ഒരു ലോകറെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചു. ഏകദിനത്തില്‍ ഏറ്റവുമധികം തവണ പുറത്താകാതെ നിന്ന താരമെന്ന റെക്കോര്‍ഡാണ് ധോണി കൈപ്പിടിയിലാക്കിയത്. ഇത് 73 ആം തവണയാണ് ധോണി പുറത്താകാതെ നില്‍ക്കുന്നത്. ലങ്കയുടെ ചാമിന്ദവാസ്, ദക്ഷിണാഫ്രിക്കയുടെ ഷോണ്‍ പൊള്ളോക്ക് (72 വീതം) എന്നിവരുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡിനൊപ്പമായിരുന്നു ധോണി ഇതുവരെ.

KCN

more recommended stories